മനാമ: കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിൽ മരണപ്പെട്ടവരെയും, മരണപ്പെടുന്നവരെയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നിലവില്‍ കോവിഡ് ബാധിച്ച് പ്രവാസലോകത്ത് മരണപ്പെടുന്നവരെ അതാത് രാജ്യങ്ങളില്‍ തന്നെയാണ് സംസ്‌കരിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ കോവിഡ് ബാധിച്ചുള്ള മരണരേഖകള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ മരണപ്പെടുന്നവരെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കണമെന്നും പ്രവാസലോകത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെയും ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
നിലവില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് കാരണം മാതാപിാതക്കളെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസലോകത്ത് കോവിഡ് കാരണം മരണപ്പെടുന്നവരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്താതെ വരുമ്പോള്‍ ഈ ധനസഹായങ്ങള്‍ നഷ്ടമാകാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നാടിനും സമൂഹത്തിനും വേണ്ടി പ്രവാസലോകത്തെത്തി മരണപ്പെട്ടവരെ അവഗണിക്കുന്നത് അനീതിയാണെന്നും പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ കുുടംബത്തിന് സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ പറഞ്ഞു.