ബഹ്റൈൻ : ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി സോമു മരണപ്പെട്ടിരുന്നു . യാതൊരുവിധ രേഖയുമില്ലാതിരുന്ന സോമുവിന്റെ അവസ്ഥ ഇന്ത്യൻ എംബസ്സിയിൽ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ധരിപ്പിച്ചിരുന്നു . ബഹ്റൈനിലുള്ള പാലോട് സ്വദേശിയായ സുഹൃത്തുമുഖേനെ കുടുബവുമായി BKSF പ്രവർത്തകർ ബന്ധപ്പെടുകയും ചെയ്തിരുന്നു . മൃതദേഹം നാട്ടിലെത്തിക്കുവാൻ പരിശ്രമിച്ച BKSF പ്രവർത്തകർ രേഖകൾ കൈയിൽ ഇല്ലാത്തതും ദിവസങ്ങൾക്കു ശേഷം മെഡിക്കൽ റിപ്പോർട്ട് കോവിഡ് പോസിറ്റീവ് ആയതിനാലും ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു . അതിനെ തുടർന്ന് മൃതദേഹം
ബഹ്റൈനിൽ സംസ്ക്കരിക്കാനുള്ള നടപടികൾ ചെയ്തുവരികയായിരുന്നു . നാട്ടിൽ നിന്നുള്ള കുടുബത്തിന്റെ എല്ലാ നിയമപരമായ പേപ്പറുകളും BKSF ശരിയാക്കുകയും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സോമുവിന്റെ കുടുബത്തിന്റെ കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തിനായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അമ്പാസഡറും എംബസി ഉദ്യോഗസ്ഥരും ICRF ചെയർമാനും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു . മൂന്നു മാസം മുന്നേ ആണ് സോമു നാട്ടിൽ നിന്നെത്തിയത് . കൊറോണ പ്രതിസന്ധിയെ തുടർന്നാണ് ജോലി നഷ്ടപെട്ടത് . മാസങ്ങളായി തൊഴിലില്ലാതെ പാർക്കിൽ അഭയം തേടിയ സോമുവിന്റെ ദാരുണ മരണം ബഹ്റൈൻ മലയാളി സമൂഹത്തെ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു . സോമുവിനോടൊപ്പം പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ BKSF കൂട്ടായ്മ എല്ലാ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾനേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു .സോമുവിന്റെ ഭാര്യയുടെയും കുടുബത്തിന്റെയും അഭ്യർത്ഥനമാനിച്ച് സംസ്ക്കാര ചടങ്ങ് എല്ലാ കർമ്മങ്ങളോടെയും പ്രാർത്ഥനയോടെയും നേരിട്ട് കുടുംബത്തിന് കാണിച്ച് ചെയ്യുവാനുള്ള സംവിധാനവും BKSF ഹെൽപ്പ് ലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബഷീർ അമ്പലായി അറിയിച്ചു . ചിതാഭസ്മം നാട്ടിലെത്തിക്കുവാനുള്ള ഏർപ്പാടുകളും BKSF ന്റെ നേതൃത്വത്തിൽ ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു .