“ആഘോഷങ്ങൾ എല്ലാവരുടേതും” ഈദ് ദിനത്തിൽ വെൽകെയർ 2000 പേർക്ക് ഭക്ഷണം നൽകും

മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഭക്ഷണം ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന്  പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക്  പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ ജന സേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തെ വ്യത്യസ്തമാക്കാൻ ഉദ്ദേശിക്കുന്നത്. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻ വർഷവും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ  ഭാഗമായാണ് ഈദിന് പെരുന്നാൾ ഭക്ഷണം നൽകുന്നത്.  പ്രവാസികൾക്കിടയിൽ സഹവർത്തിത്വത്തിൻ്റെയും സൗഹൃദത്തിൻ്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ഒരുമ വളർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെൽകെയർ ലക്ഷ്യമിടുന്നത്.

കോവിഡ് തുടക്കം മുതൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ടവർക്ക് അടുപ്പം കുറഞ്ഞാലും  അടുപ്പുകൾ പുകയണമെന്ന  വെൽകെയർ പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയതിൻ്റെ തുടർച്ചയായാണ് പെരുന്നാൾ ഭക്ഷണവും വെൽകെയർ ഒരുക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന  പ്രവാസികൾ, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, ക്വാറൻ്റൈനിലുള്ളവർ തുടങ്ങി 2000 പേർക്ക് പെരുന്നാൾ ഭക്ഷണമെത്തിച്ച് ആഘോഷങ്ങൾ എല്ലാവരുടേതും ആക്കുന്ന മഹാ പദ്ധതിയാണ് വെൽകെയർ ലക്ഷ്യം വെക്കുന്നത് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു. ഈ മഹാ പദ്ധതിയിൽ പങ്കാളികളാകുവാൻ ബഹ്റൈനിലെ സുമനസ്സുകളായ എല്ലാവരെയും വെൽകെയർ ക്ഷണിക്കുകയാണ്.

പെരുന്നാൾ ഭക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ‪39405069‬ | ‪36249805‬ | ‪36710698‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്