ദമാം : പ്രഗൽഭ ഡോക്ടർമാർ സാരഥികളായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബ്ൾ ട്രെസ്റ്റിൻറെ ” ഓക്സിജൻ കോൺസൻട്രെയ്റ്റർ മെഷീൻ ചാലഞ്ചിൽ” , ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം (കോഫ്) പങ്കാളിയായി ആദ്യത്തെ ഒക്സിജൻ കോൺസൻട്രെയ്റ്റർ നൽകി. കോഴിക്കോട് തുറമുഖ അതിഥി മന്ദിരത്തിൽ കോഫ് ജനറൽ കൺവീനർ ടി. പി. എം ഫസൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് കോൺസൻട്രെയ്റ്റർ കൈമാറി. പാവപ്പെട്ട രോഗികൾക്ക് ജീവൻരക്ഷ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ട്രസ്റ്റിന് കോഫിൻറെ സഹായ സഹകരണം ഫസൽ വാഗ്ദാനം ചെയ്തു.
നിലവിലെ സാഹചര്യത്തിൽ ട്രസ്റ്റിൻറെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും കേരള സർക്കാറിൽ നിന്നും സാദ്ധ്യമായ സഹായങ്ങൾ ലഭ്യമാക്കുവാൻ പരിശ്രമിക്കുമെന്നും കോൺസൻട്രെയ്റ്റർ സ്വീകരിച്ച് സംസാരിച്ച മന്ത്രി സൂചിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിരവധി നിർദ്ധനരായ രോഗികൾ ശരീരത്തിലെ ഒക്സിജൻറെ അളവിൽ കുറവ് കാരണം ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യം അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം രോഗികൾക്ക് ആവശ്യമുള്ള ഓക്സിജൻ കോൺസൻട്രെയ്റ്റർ , വാട്ടർ ബെഡ്, എയർ ബെഡ് , മരുന്നുകൾ എന്നിവ സൗജന്യമായി നൽകുന്ന ട്രസ്റ്റിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ അംഗങ്ങളും ഭാരവാഹികളുമാണ്. കൂടാതെ
“മൊബൈൽ ആപ്പ് ബെയ്സ്ഡ് ഹെൽത്ത് സർവ്വെ” അവതരിപ്പിക്കുവാനുള്ള പരിശ്രമത്തിലാണെന്നും ലോക്ക്ഡൗൺ പൂർണമായും കഴിഞ്ഞ ഉടൻ പ്രസ്തുത ആപ്പ് പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമർപ്പണത്തിൻറെ പ്രസിണ്ടൻറും കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് ന്യൂറോളജിസ്റ്റുമായ ഡോ: ഉമ്മർ കാരാടൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സമർപ്പണം ട്രസ്റ്റ് ജനറൽ സെക്രട്ടറി പി സിക്കന്ദർ സ്വാഗതം ആശംസിച്ചു.