സൗദിവൽക്കരണം : പൊതുമേഖലാ സ്ഥാപനങ്ങളിലെയും മെയിന്റനൻസ്, ഓപ്പറേഷൻസ് കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൂപ്പർവൈസറി തൊഴിലുകൾ സ്വദേശികൾക്കു

By : Mujeeb Kalathil

ദമാം : സൗദിയില്‍ സർക്കാർ വകുപ്പുകളിലെയും സർക്കാറിന് 51 ശതമാനത്തിൽ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും മെയിന്റനൻസ്, ഓപ്പറേഷൻസ് കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൂപ്പർവൈസറി തൊഴിലുകൾ പൂർണമായും സൗദിവൽക്കരിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സൗദിവൽക്കരണ ഗൈഡ് വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേഷനിലെ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കുറയാൻ പാടില്ല. എൻജിനീയറിംഗ്, സ്‌പെഷ്യലിസ്റ്റ് ജോലികളിൽ സൗദിവൽക്കരണം 30 ശതമാനത്തിലും കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സുരക്ഷാ, ഐ.ടി, പൊതുസേവനം, അഡ്മിനിസ്‌ട്രേറ്റീവ് സേവനം, സപ്പോർട്ട് സർവീസുകൾ എന്നീ മേഖലകളിലെ സൂപ്പർവൈസറി തസ്തികകൾ പൂർണമായും സൗദിവൽക്കരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ തുടക്കത്തിൽ പൊതുവിൽ 30 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. പിന്നീട് ക്രമാനുഗതമായി സൗദിവൽക്കരണം ഉയർത്തണം. സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ഗണത്തിൽ പെടുന്ന മുഴുവൻ തൊഴിലവസരങ്ങളും നാഷണൽ ഗേറ്റ്‌വേ ഓഫ് ലേബർ ആയ താഖാത്ത് പോർട്ടലിൽ കരാറുകാർ പരസ്യപ്പെടുത്തൽ നിർബന്ധമാണെന്ന് ഗൈഡ് വ്യക്തമാക്കുന്നു. സ്വദേശികൾക്ക് ആകർഷകവും സുസ്ഥിരവമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് മെയിന്റൻസ്, ഓപ്പറേഷൻസ് മേഖലക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം ഉയർത്തിയതിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.