ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം കെ.എം.സി.സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ബഹ്‌റൈനില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങളാണ് താമസിച്ചുവരുന്നതെന്നും നീറ്റ് പരീക്ഷയ്ക്ക് ബഹ്‌റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തതിനാല്‍ ഈ കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണെന്നും കെഎംസിസി നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. നിലവില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി പരീക്ഷ എഴുതുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരും. കൂടാതെ, ഇത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദത്തിനുമിടയാക്കും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന തരത്തില്‍ ബഹ്‌റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം കേന്ദ്രഭരണകൂടത്തെ അറിയിക്കണമെന്നും കെഎംസിസി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവില്‍ യു എ ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈനിലും പരീക്ഷാകേന്ദ്രമൊരുക്കുകയാണെങ്കില്‍ സഊദിയിലെ ദമാമിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബഹ്‌റൈനിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. നിവേദനം കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് കൈമാറി. ചടങ്ങില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, എംബസി വിംഗ് കൺവീനർ അബ്ദുറഹ്‌മാന്‍ മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം, ബഹ്‌റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇക്കാര്യത്തില്‍ ശക്തമായ നീക്കം നടത്തുമെന്ന് അംബാസിഡര്‍ കെഎംസിസി ബഹ്‌റൈന്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെയും സഊദി ദമാമിലെയും നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ദമാം കെഎംസിസിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും കെഎംസിസി ബഹ്‌റൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദമ്മാം ഈസ്റ്റേണ്‍ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്കുട്ടി കോഡൂർ, ജന. സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവരുമായി ഗഫൂര്‍ കയ്പമംഗലം ഫോണ്‍ മുഖാന്തരം ചര്‍ച്ച നടത്തി.