വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്

By : Mujeeb Kalathil

സൗദി അറേബ്യ : സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇന്ന് മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും മറ്റു പരിപാടികളിലും പ്രവേശനം അനുവദിക്കുക. സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമൂഹിക, വിനോദ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാനും ജോലിക്കും സേവനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും നാളെ മുതല്‍ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.സൗദിയില്‍ അംഗീകാരമുള്ള രണ്ടു ഡോസ് ഫൈസര്‍, അസ്ട്രാസെനിക്ക, മോഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് ഫൈസര്‍, അസ്ട്രാസെനിക്ക, മോഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍, നേരത്തെ കൊറോണ വൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കു മാത്രമാണ് നാളെ മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും മറ്റു പരിപാടികളിലും പ്രവേശനം അനുവദിക്കുക. സൗദി പൗരന്മാരും വിദേശികളും വാക്‌സിന്‍ സ്വീകരിച്ചും രോഗമുക്തി നേടിയും പ്രതിരോധ ശേഷി ആര്‍ജിച്ചത് അഥവാ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉറപ്പുവരുത്തുന്നതിന് തവക്കല്‍നാ ആപ്പ് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതോടൊപ്പം മറ്റു മുന്‍കരുതല്‍, പ്രതിരോധ നടപടികളും ആരോഗ്യ വ്യവസ്ഥകളും എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്