3 മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്‌ വാക്സിൻ നൽകാൻ അനുമതി നൽകി യുഎഇ

യുഎഇ : മൂന്നു മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്‌ സിനോഫാം വാക്സിൻ നല്കാമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും മൂല്യനിർണ്ണയങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണിൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്മ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികളോളം സ്വമേധയ പങ്കെടുത്തിരുന്നു.രക്ഷാകർത്താക്കളുടെ പൂർണ സമ്മതത്തോടെയാണ് കുട്ടികളിൽ പഠനം നടത്തിയത്. എല്ലാ യുവ സന്നദ്ധപ്രവർത്തകരും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പരിചരണം ലഭിക്കുകയും ചെയ്തു.മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിൽ ഈ പ്രായത്തിലുള്ളവർക്കുള്ള വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ. ചൈന, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ തുടങ്ങിയ മറ്റ് വാക്സിൻ നിർമ്മാണ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.