GAIA – The Mother Earth” നൃത്താവിഷ്കാരം

ബഹ്‌റൈൻ : പ്രകൃതിസുന്ദരമായ ഈ ഭൂമിയോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ദ്രോഹവും, ഭൂമിയും മനുഷ്യനും തമ്മിൽ ഉണ്ടാവേണ്ടുന്ന ആത്മബന്ധത്തേയും കുറിച്ച്‌ പ്രതിപാദിക്കുന്ന ഒരു നൃത്താവിഷ്കാരം ബഹറിനിൽ നിന്നും ഒരുങ്ങുന്നു.
“GAIA – The Mother Earth” എന്ന ഈ ഡാൻസ്‌ ഫിലിം ബഹറിനിലെ കലാകൂട്ടായ്മയായ ലക്ഷ്യയുടെ നേതൃത്വത്തിൽ Women Across, Dynamic Arts എന്നീ കലാസാംസ്കാരിക കൂട്ടായ്മകളുമായി ചേർന്നാണ്‌ ഒരുക്കുന്നത്‌. കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം ബഹറിൻ സോപാനത്തിൽ വച്ച്‌ നടന്ന പൂജാചടങ്ങിൽ സിനിമാ നാടക പ്രവർത്തകരായ പ്രകാശ്‌ വടകരയും ജയാമേനോനും ചേർന്ന് നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗയയുടെ ആശയവും കോറിയോഗ്രാഫിയും സംവിധാനവും നിർവ്വഹിക്കുന്നത്‌ ലക്ഷ്യയുടെ സ്ഥാപകയും നൃത്താധ്യാപികയുമായ വിദ്യാശ്രീയാണ്‌. തിരുവനന്തപുരത്ത്‌ സൂര്യ ഫെസ്റ്റിവലിൽ അരങ്ങേറിയിട്ടുള്ള കമല, മെലൂഹ തുടങ്ങിയ നൃത്താവിഷ്കാരങ്ങളുടെ സംവിധായിക കൂടിയാണ്‌‌ വിദ്യാശ്രീ.
ഗയയുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌ പ്രശസ്ത തെന്നിന്ത്യൻ സംഗീതജ്ഞനായ പാലക്കാട് ശ്രീറാമാണ്‌. ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബഹറിനിലെ അറിയപ്പെടുന കലാകാരികളായ‌ സർഗ്ഗ സുധാകർ, സായി അർപ്പിത എന്നിവരാണ്‌. ക്രിയേറ്റീവ്‌ ഡയറക്ടർ ജേക്കബ്‌ ക്രിയേറ്റീവ് ‌ബീസ്‌, അസോസിയേറ്റ്‌ ഡയറക്ടർ വിനോദ്‌ വി ദേവൻ, ഡയലോഗ്‌ നയൻതാര സലിം, വോയ്സ്‌ അനുപമ ബിനു, ടിജി മാത്യു, മേക്കപ്‌ ലളിത ധർമ്മരാജ്‌, ആർട്ട്‌ ദിനേശ്‌ മാവൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ്‌ ആറ്റിങ്ങൽ, റിക്കോർഡിംഗ്‌ ജോസ്‌ ഫ്രാൻസിസ്‌ എന്നിവരാണ്‌ മറ്റ്‌ ടീമംഗങ്ങൾ.
പൂജാചടങ്ങിൽ ബഹറിനിലെ പ്രമുഖ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തകരായ നിഷാ രംഗ, രേഖ ഉത്തം, മീര രവി, സുമിത്ര പ്രവീൺ, എൻ കെ വീരമണി, സന്തോഷ്‌ കൈലാസ്‌, ഇ എ സലിം, ഷേർലി സലിം, പ്രവീൺ നായർ, ഫിറോസ്‌ തിരുവത്ര, അജികുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗയ ഈ വർഷം അവസാനത്തോട്കൂടി ഷൂട്ടിംഗ്‌ തീർത്ത്‌ റിലീസ്‌ ചെയ്യാനാണ്‌ ആലോചിക്കുന്നതെന്ന് സംവിധായിക വിദ്യാശ്രീ അറിയിച്ചു.