ദമ്മാം: ഗുരുതരമായ രോഗങ്ങളും സാമ്പത്തികപ്രശ്നങ്ങൾ കാരണം നേരിട്ട കേസുകളും കാരണം ജീവിതം ദുരിതത്തിലായപ്പോൾ സോജന് ഒരാഗ്രഹമേ ഉണ്ടായിരുന്നുളളൂ. എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണം. സഹായിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ അവസരം ഉണ്ടായെങ്കിലും, മടക്കയാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപ് മരണത്തിന്റെ രൂപത്തിൽ എത്തിയ വിധി അതിന് സമ്മതിച്ചില്ല. ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾ താണ്ടി നവയുഗം തന്നെ സോജന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
പത്തനംതിട്ട കൈപ്പട്ടൂർ മൂലത്തറ സ്വദേശിയായ സോജൻ സി ജോർജ്ജ് (49 വയസ്സ്), ഏറെക്കാലമായി സൗദിയിലെ ദമ്മാമിൽ പ്രവാസിയായിരുന്നു. ബിസിനസ്സ് നടത്തിയത് മൂലം ഉണ്ടായ സാമ്പത്തികബാധ്യത മൂലം, ഒരു സൗദി പൗരന് വലിയൊരു തുക നൽകാൻ ഉള്ളത് കൊണ്ട് തന്നെ, കേസുകളിൽ പെട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ഡയബറ്റിക്സും, മറ്റു ജീവിതശൈലി രോഗങ്ങളും കാരണം ആരോഗ്യസ്ഥിതി മോശമായി അദ്ദേഹം ചികിത്സയിൽ ആയത്. രോഗം ഗുരുതരമായതോടെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങി, അവിടെ ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
തുടർന്ന് സോജൻ നവയുഗം ദമ്മാം കൊദറിയ യൂണിറ്റ് രക്ഷാധികാരിയായ ശ്രീകുമാർ കായംകുളത്തിനെ ബന്ധപ്പെട്ട്, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമസഹായം അഭ്യർത്ഥിച്ചു. ശ്രീകുമാർ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരിയും, ജീവകാരുണ്യപ്രവർത്തകനുമായ ഷാജി മതിലകത്തിനെ വിവരമറിയിച്ചു. ഷാജി മതിലകം സോജനുമായി കേസുള്ള സൗദി പൗരനുമായി സംസാരിച്ചു, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. തുടർന്ന് സൗദി പൗരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും, തനിയ്ക്ക് കിട്ടാനുള്ള പണത്തിന്റെ അഞ്ചിലൊന്ന് തന്നാൽ കേസ് പിൻവലിയ്ക്കാം എന്നറിയിയ്ക്കുകയും ചെയ്തു. സോജന്റെ വീട്ടുകാരും സുഹൃത്തുക്കളും കൂടി ആ തുക എത്തിച്ചു കൊടുത്തു. ശ്രീകുമാർ ആ തുക സൗദി പൗരന് കൈമാറിയതോടെ അദ്ദേഹം കേസ് പിൻവലിയ്ക്കുകയും ചെയ്തു. അതോടെ സോജന് നാട്ടിലേയ്ക്ക് മടങ്ങാൻ ഉള്ള നിയമതടസ്സങ്ങൾ ഒക്കെ നീങ്ങി.
എന്നാൽ ഈ നിയമനടപടികൾ ഒക്കെ പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞു, അപ്രതീക്ഷിതമായി സോജന്റെ അസുഖം ഗുരുതരമാകുകയും, ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.
തുടർന്ന് ശ്രീകുമാർ തന്നെ ഷാജി മതിലകത്തിന്റെ സഹായത്തോടെ സോജന്റെ മൃതദേഹം നാട്ടിലേയ്ക്കയക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കി. നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, നവയുഗം കൊദറിയ യൂണിറ്റ് പ്രസിഡന്റ് വർഗ്ഗീസ് എന്നിവർ തുടക്കം മുതൽ എല്ലാത്തിനും സഹായവുമായി കൂടെ ഉണ്ടായിരുന്നു. സോജനുണ്ടായിരുന്ന ചില സാമ്പത്തിക ബാധ്യതകൾ വീട്ടിയതും, മൃതദേഹം നാട്ടിലേയ്ക്കയക്കാൻ വേണ്ടിവന്ന സാമ്പത്തിക ചിലവുകൾ മുഴുവൻ വഹിച്ചതും ശ്രീകുമാർ തന്നെയായിരുന്നു.
നാട്ടിലെത്തിച്ച മൃതശരീരം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കരിച്ചു.
പരേതനായ സി ജോർജ്ജിന്റെയും, അമ്മിണിയുടെയും മകനാണ് സോജൻ.
അനു സോജൻ ആണ് ഭാര്യ.