മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തിലെ മാതൃദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിമൂന്നാമത് പെരുന്നാളിനും, വാര്‍ഷിക കണ്‍വന്‍ഷനും, നവീകരിച്ച ദൈവാലയത്തിന്റെ വിശുദ്ധ കൂദാശ കർമ്മത്തിനും മുന്നോടിയായി കൊടിയേറ്റ് നടത്തി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് ആണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്. കോവിഡ് നിയമങ്ങളും, നിബന്ധനകളും പാലിച്ചു കൊണ്ട് പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ ആണ് ശുശ്രൂഷകള്‍ നടക്കുന്നത്
ഒക്ടോബര്‍ 5, 7, 8 തീയതികളില്‍ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്കാരം, ഗാന ശുശ്രൂഷ വചന ശുശ്രൂഷ എന്നിവ നടക്കും. വചന ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ ഡോ. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത), വന്ദ്യ ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഫാദര്‍ ഡോ. വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മീനേടം എന്നിവര്‍ നേത്യത്വം നല്‍കും. ഒക്ടോബര്‍ 6 ബുധനാഴ്ച്ച വൈകിട്ട് 6:15 ന് സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ നടക്കും.
ഒക്ടോബര്‍ 8 വെള്ളിയാഴ്ച്ച രാവിലെ 7.00 ന് പ്രഭാത നമസ്ക്കാരം 8.00 ന് വിശുദ്ധ കുര്‍ബ്ബാന, ഒക്ടോബര്‍ 9 ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വൈകിട്ട് 6.00 മണി മുതല്‍ വിശുദ്ധ ദൈവാലയ കൂദാശകമ്മം, സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, പെരുന്നാള്‍ കൊടിയിറക്ക് എന്നിവയും ഒക്ടോബര്‍ 10 ന് വൈകിട്ട് 6:15 ന് സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, 10, 12 ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങ്, ആദ്യഫലപ്പെരുന്നാൾ സമ്മാന വിതരണം, എന്നിവ നടക്കുമെന്നും, എല്ലാ പരിപാടികളും ഇടവകയുടെ എഫ്.ബി. പേജ് വഴി വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്നതാണന്നും ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്, ദൈവാലയ നിർമ്മാണ കമ്മറ്റി വൈസ് പ്രസിഡണ്ട് അഡ്വ. വി. കെ. തോമസ്, ജനറൽ കൺ വീനർ ഏബ്രഹാം സാമുവേൽ, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ ബോണി മുളപ്പാം പള്ളിൽ, പബ്ലിസിറ്റി കോർഡിനേറ്റർ തോമസ് മാമ്മൻ എന്നിവർ അറിയിച്ചു.