ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകർ ആകണം -ഒഐസിസി.

മനാമ : കോൺഗ്രസ്‌ നേതാക്കളും, പ്രവർത്തകരും ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരും, സ്വന്തം ജീവിതം കൊണ്ട് ഗാന്ധിസം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്ന ജീവിതചര്യയുടെ ഭാഗം ആയെങ്കിൽ മാത്രമേ ഇന്ത്യയിൽ കോൺഗ്രസ്സ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു പോകുകയുള്ളു എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.എല്ലാ വിഭാഗം ജനങ്ങളെയും കോൺഗ്രസ്‌ പാർട്ടിയിലേക്ക് കൊണ്ട് വരാൻ നേതൃത്വത്തിന് കഴിയണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമ – ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുകയും, വിവിധ സമുദായിക നേതാക്കളുമായി ചർച്ചകൾ നടത്തി അവരെയൊക്കെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുവാൻ സാധിച്ചു. ഇന്നും കോൺഗ്രസ്‌ നേതൃത്വം പ്രവർത്തന മേഖലകളിൽ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആർജിക്കുവാൻ കഴിയുന്ന രീതിയിൽ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വേണം മുന്നോട്ട് പോകുവാൻ. കഴിഞ്ഞ ഒരു വർഷകാലമായി രാജ്യത്തെ കർഷകർ ഇന്ത്യയിലെ തെരുവുകളിൽ സമരം നയിക്കുകയാണ്. കർഷകർ ആണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് മനസ്സിലാകുവൻ സാധിക്കാത്ത ഭരണാധികാരികൾ ആണ് രാജ്യം ഭരിക്കുന്നത്. കുറച്ചു മുതലാളിമാർക്ക് മാത്രം നന്മഉണ്ടാക്കാൻ വേണ്ടി ഭരിക്കുന്ന ഭരണകർത്താക്കൾ.രാജ്യത്തെ കൃഷി ഭൂമികൾ കർഷകരിൽ നിന്ന് ഏറ്റെടുത്തുകൊണ്ട് അവരെ കുടിയിറക്കുന്ന ഭരണ പരിഷ്കാരങ്ങൾ, രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിയിടും. ഭരണം കിട്ടിയകാലം മുതൽ പരസ്പരം വിദ്വേഷം വളർത്തുന്ന രീതിയിൽ ആണ് ഭരണകർത്താക്കൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ മാറ്റം വരുത്തണമെങ്കിൽ ഗാന്ധിയൻ ദർശനങ്ങളിൽ കൂടിയുള്ള പ്രവർത്തനം കൊണ്ട് മറികടക്കുവാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയുമെന്നും ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, എം. ഡി. ജോയ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ്‌ മാരായ ചെമ്പൻ ജലാൽ, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ് , റംഷാദ് അയിലക്കാട്,അബുബക്കർ പൊന്നാനി, പ്രസാദ്കൃഷ്ണൻ മൂത്തൽ
എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നാം തീയതി ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പായസ വിതരണം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.