ബഹ്‌റൈൻ : തിരുനബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടന്നു കൊണ്ടിരിക്കുന്ന മീലാദ് പരിപാടികളുടെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിക്ക് കിഴിൽ മുഴുവൻ സെൻട്രൽ ആസ്ഥാനങ്ങളിലും ഹുബ്ബൂറസൂൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഹുബ്ബൂറസൂൽ പ്രഭാഷണം, അവാർഡ് ദാനം, മൗലിദ് സദസ്സ്, പ്രാർത്ഥന മജ്‌ലിസ് എന്നിവ നടന്നു.
ഷൈഖ് അബ്ദുൽ വഹാബ് മസ്ജിദ് രിള് വാൻ ഇമാം (ഇസാടൗൺ), നൗഫൽ അഹ്‌സനി(മനാമ), കട്ടിപ്പാറ അബ്ദുൽ കാദിർ സഖാഫി (ഗുദൈബിയ), സയ്യിദ് സുഹൈൽ തങ്ങൾ മടക്കര(ഉമ്മുൽഹസ്സം), അബൂബക്കർ ലത്തീഫി (മുഹറഖ്), സയ്യിദ് അൻവർ സാദത്ത് തങ്ങൾ (റഫ), അബ്ദുൽ അസീസ് നിസാമി കാമിൽ സഖാഫി (സൽമാബാദ്), അബ്ദുൽ ഹഖീം സഖാഫി (ബുദയ്യ), എന്നിവർ സെൻട്രൽ തലങ്ങളിൽ നടന്ന ഹുബ്ബൂറസൂൽ സമ്മേളനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രവാചകരെയും ഇസ്ലാമിനെയും അടുത്തറിയാൻ ശ്രമിച്ച ഒരാൾക്കും ഇസ് ലാം അസഹിഷ്ണുതയുടെ മതമാണെന്ന് കണ്ടെത്താൻ കഴിയില്ല. സ്നേഹ സമ്പന്നതയുടെ ചരിത്രമേ ഇസ്ലാമിലുള്ളൂ എന്ന സത്യം എളുപ്പം തിരിച്ചറിയാൻ കഴിയും. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇസ്ലാമിനെതിരെ തിരിയാൻ ചിലർക്ക് പ്രോത്സാഹനമാകുന്നതെന്നും പ്രമേയ പ്രഭാഷണത്തിൽ വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.
തിരുനബിയുടെ ജന്മ ദിനം പ്രമാണിച്ച് പകൽ സമയത്ത് ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രവാചക പ്രകീർത്തന വേദികൾ, കുട്ടികളുടെ കലാ പരിപാടികൾ, സമ്മാന ദാനം എന്നീ വൈവിധ്യമായ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ബഹറിനിലുടനീളം പതിനായിരത്തോളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിന് ഐ സി എഫ് സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകി.