അടിയന്തര യാത്രക്ക് ഉള്ള ഇളവുകൾ എടുത്തു കളഞ്ഞത് പ്രവാസികളോടുള്ള അവഗണനയുടെ പുതിയ ഉദാഹരണം : ഇന്ത്യൻ സോഷ്യൽ ഫോറം

മനാമ : അടിയന്തര സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്കു യാത്ര ചെയ്യാൻ നൽകിയ ഇളവുകൾ എടുത്തു കളഞ്ഞത് പ്രവാസികളോട് കാണിക്കുന്ന അവഗണനയുടെ പുതിയ ഉദാഹരണം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഈ ഇളവുകൾ എടുത്തു കളഞ്ഞത് കാരണം കോട്ടയം സ്വദേശി ആയ സുഹൈലിന് തന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന വാർത്ത മനസാക്ഷി ഉള്ള ആളുകളെ വേദനിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖല യുടെ നട്ടെല്ലായ പ്രവാസികൾക്ക് ഗുണകരമായ യാതൊരു പദ്ധതിയും നടപ്പാക്കാത്തതിന് പുറമെ അവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് സർക്കാർ അധികാരികൾ പിന്മാറേണ്ടത് ഉണ്ട്. പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ മാനുഷിക പരിഗണന എങ്കിലും നൽകി എടുത്തു കളഞ്ഞ ഇളവുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ്‌ അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പ്രസ്താവനയിൽ ആവശ്യപ്പെട്ടു