ബഹ്റൈൻ പ്രതിഭ പ്രഥമ നാടക രചനാ പുരസ്കാരം പ്രഖ്യാപിച്ചു

ബഹ്‌റൈൻ : കോട്ടയം സ്വദേശി രാജശേഖരൻ ഓണംതുരുത്ത് രചിച്ച ഭഗവാന്റെ പള്ളിനായാട്ട് എന്ന നാടകത്തിനാണ് അവാർഡ് ലഭിച്ചത് . 2019ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.21 നാടകങ്ങൾ ആണ് പുരസ്കാര നിർണയത്തിനായി എത്തിയത് . പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. 25,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബറിൽ കേരള സാംസ്ക്കാരിക മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ വർഷവും കേരളപിറവി ദിനമായ നവംബർ ഒന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു. കോറോണ കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായ നാടക കലാകാരൻമാരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നതെന്നും അവർ പറഞ്ഞു. നാടക രചയിതാവും സംവിധായകനുമായ രാജശേഖരൻ ഓണംതുരുത്ത് നാൽപ്പത് വർഷമായി നാടക രംഗത്ത് പ്രവർത്തിക്കുന്നു. മൂന്ന് ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കരിമൊട്ടുകൾ എന്ന ടെലിഫിലിമിന് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. ഖലൻ, ദ്രൗണി, സൂതപുത്രൻ, എക്കോ, അരങ്ങത്ത് കുഞ്ഞൻമാർ തുടങ്ങിയ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ബഹ്റൈൻ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമായി മാറിയ ബഹ്റൈൻ പ്രതിഭയിൽ നിന്നും അന്തർദേശീയ മലയാളി സമൂഹ നാടക രചയിതാക്കളെ അഭിസംബോധന ചെയ്യുന്ന ഇദം പ്രഥമമായ നാടക രചന അവാർഡാണിത്.
1986 സെപ്തംബറിൽ പതനം എന്ന നാടകത്തോടെ ആരംഭിച്ച പ്രതിഭയുടെ നാടക പ്രയാണം ഒന്നിനൊന്ന് മികച്ചതും ആയിര കണക്കിന് കാണികളുടെ കണ്ണും മനവും കവർന്നതുമായ പതിനാല് നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചു മുന്നേറുകയാണ്. അനവധി അവാർഡുകൾ കരസ്ഥമാക്കിയ ഡോ. സാംകുട്ടിയെ പോലുള്ളവരുടെ ശിക്ഷണം ഈ നാടക സപര്യക്ക് പിറകിലുണ്ട്. നൂറ് കണക്കിന് നാടക കലാകാരൻമാരെയും സാങ്കേതിക വിദഗ്ദരെയും സംവിധായകരെയും ബഹ്റൈൻ മലയാള നാടക ലോകത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞ അഭിമാനവും പ്രതിഭക്കുണ്ട്.ഇന്നത്തെ ഇന്ത്യൻ അവസ്ഥ ശക്തമായി അവതരിപ്പിക്കുന്ന നാടകമാണ് ഭഗവാന്റെ പള്ളിനായാട്ടെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അടിസ്ഥാന സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ. പ്രതീകാത്കമായാണ് നമ്മുടെ അവസ്ഥകൾ ഈ നാടകം അവതരിപ്പിക്കുന്നത്. നിരന്തരമായ അക്രമണങ്ങൾക്കും അടിമത്തത്തിനും വിധേയമാകുന്ന ഇന്ത്യയാണ് അതിലെ പ്രധാന കഥാപത്രമായ സ്ത്രീ. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ അടിമത്വത്തിന് ഇരയായ ഇന്ത്യ ഇന്ന് മറ്റൊരുതരത്തിൽ വർഗീയതയുടെ അടിമത്വത്തിന് വിധേയമാകുന്നത് ഈ നാടകം ശക്തമായി അവതരിപ്പിക്കുന്നുവെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്, ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെഎം സതീഷ്, നാടക വേദിയുടെ ചാർജ് ഉള്ള രക്ഷാധികാരി സമിതി അംഗം എംകെ വീരമണി, നാടക വേദി കൺവീനർ മനോജ് തേജസ്വിനി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.