ബഹ്റൈൻ : ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ശിശുദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രസകരമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിനത്തിൽ തങ്ങളുടെ സന്തോഷവും കഴിവുകളും പ്രകടിപ്പിക്കുന്നതിനുള്ള മാർഗം തിരഞ്ഞെടുക്കാൻ അദ്ധ്യാപകർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. അവതരണങ്ങൾ, സന്ദേശങ്ങൾ, പ്രസംഗങ്ങൾ, നൃത്തങ്ങൾ, കവിതകൾ, പ്രത്യേക അസംബ്ലികൾ എന്നിങ്ങനെ ആശയവിനിമയം നടത്താൻ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മുന്നോട്ടുവന്നു. കിന്റർഗാർട്ടൻ കുട്ടികൾ പരിപാടിയെക്കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കുവെച്ചു. അനുബന്ധ പോസ്റ്ററുകളുടെയും ഡ്രോയിംഗുകളുടെയും കളറിംഗ്, സ്കെച്ചിംഗ് എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. പല വിദ്യാർത്ഥികളും ചാച്ചാ നെഹ്റു എപ്പോഴും ധരിക്കുന്ന രീതിയോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ചു. നെഹ്രുവിന്റെ വസ്ത്ര രീതിയും പോക്കറ്റിൽ റോസാപ്പൂവും ധരിച്ചു കുട്ടികളെത്തി. എല്ലാ വിദ്യാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് പരിപാടിക്ക് ലഭിച്ചത്.
എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബർ 14-ന് ജനിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്, അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിക്കുന്നു. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം ഇങ്ങനെ ആചരിക്കുന്നത്.
കുട്ടികളോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു അധ്യാപകർ അവതരണങ്ങൾ പങ്കുവെച്ചു. ഓഫ്ലൈനിൽ പങ്കെടുക്കുന്നവർക്ക് സ്വാഗതാർഹമായ ഊഷ്മളതയോടെ ക്ലാസ് മുറി അലങ്കരിച്ചു. നന്നായി പഠിക്കാനും കരുതലുള്ള തലമുറയായി വളരാനും അവർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ പ്രചോദനാത്മകവുമായ സന്ദേശവുമായി വിദ്യാർത്ഥികളുമായി സംവദിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ പറഞ്ഞു: ‘പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തിയും സമൂഹത്തിന്റെ അടിത്തറയും ആയി കണക്കാക്കി. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള അവബോധം ഉയർത്തി.’ സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു: ‘നമ്മുടെ ശോഭനമായ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും സന്തോഷകരമായ ഭാവിയുടെ സ്വപ്നങ്ങളും കുട്ടികൾ വഹിക്കുന്നു.’