നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം

നോര്‍ക്ക പ്രവാസി തണല്‍ പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം. കൊവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്നതാണ് പ്രവാസി തണല്‍ പദ്ധതി. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഓപ്ഷനില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. മരിച്ച പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്. മരിച്ച രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മരിച്ചയാള്‍ കൊവിഡ് പോസിറ്റിവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോര്‍ട്ട്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/വില്ലേജ് ഓഫിസില്‍നിന്നും ലഭിക്കുന്ന റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസ്സിന് മുകളിലുള്ളവര്‍ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം.