ബഹ്റൈൻ : കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു ആഴ്ച്ച ക്വാറന്റൈൻ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം ലക്ഷ കണക്കിന് വരുന്ന പ്രവാസികളോടുള്ള വെല്ലുവിളിയും സർക്കാർ അനുവർത്തിച്ചു പോരുന്ന പ്രവാസി വിരുദ്ധതയുടെയും തുടർച്ചയാണെന്ന് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. തീർത്തും പ്രവാസി വിരുദ്ധമായ ഈ നടപടി എത്രയും പെട്ടെന്ന് പിൻവലിക്കണം. ഇത് സംബന്ധിച്ച കത്ത് കോഴിക്കോട് എം. പി എം.കെ രാഘവൻ മുഖേന പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും നൽകും. ഗൾഫിൽ നിന്നും അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിലെത്തേണ്ട പ്രവാസികൾക്ക് ഏറെ പ്രയാസകരമാണ് ഈ തീരുമാനം. രണ്ട് കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചു യാത്രക്ക് മുമ്പ് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് തിരുവനന്തപുരം എയർപ്പോട്ടിലും ടെസ്റ്റ് ഉണ്ട്. അവർക്ക് പിന്നെയും ക്വാറന്റൈൻ ഏർപ്പെടുത്താനുള്ള നീക്കത്തിന് യാതൊരു നീതീകരണവുമില്ല.ദിനം പ്രതി പതിനായിരകണക്കിന് ടൂറിസ്റ്റുകളും ബിസിനസ്സുകാരും എത്തുന്ന ദുബായ് അടക്കമുള്ള ഗൾഫ് മേഖലയിൽ രാജ്യത്ത് എത്തുന്നവർക് ആദ്യ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ പിന്നീട് മറ്റു ടെസ്റ്റുകളോ ക്വാറന്റൈനോ ആവശ്യമില്ലെന്നിരിക്കെ നാട്ടിൽ മാത്രം ക്വാറന്റൈൻ ഏർപ്പെടുത്താനുള്ള തീരുമാനം യുക്തിരഹിതമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും രാജു കല്ലുംപുറം പറഞ്ഞു