പ്രവാസികൾക്ക് ക്വാറന്റൈൻ -ഒഐസിസി ശക്തമായി പ്രതിഷേധിച്ചു.

മനാമ : അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക്  ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്നും, ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കണം എന്നും ബഹ്‌റൈൻ ഒഐസിസി കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സർക്കാരുകളുടെ നിരുത്തരവാദപരമായ സമീപനം മൂലം രാജ്യത്ത് കോവിഡ് വർധിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വലിയ തെരഞ്ഞെടുപ്പ് യോഗങ്ങളും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടി സമ്മേളനങ്ങളും നടക്കുമ്പോൾ വ്യാപിക്കാത്ത കൊറോണ വൈറസ് കൊറോണ വാക്സിൻ രണ്ടു ഡോസും, ബൂസ്റ്റർ ഡോസും എടുത്തിട്ട്, നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ഉള്ള ആർ ടി പി സി ആർ പരിശോധനയും, നാട്ടിൽ എത്തിക്കഴിഞ്ഞാൽ എയർപോർട്ടിൽ വച്ചുള്ള പരിശോധനയും പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിൽ എത്തുന്ന പ്രവാസികൾ ആണ് കൊറോണ വൈറസ് വ്യാപനത്തിന് കാരണക്കാർ എന്നുള്ള തരത്തിൽ തീരുമാനം എടുക്കുന്ന ഭരണാധികാരികൾ തങ്ങളുടെ വീഴ്ചമൂലം സംഭവിക്കുന്ന വ്യാപനം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കൽ ശ്രമിക്കുന്നത് ന്യായീകരിക്കാൻ പറ്റുന്നതല്ല.

കൊറോണ സാന്നിധ്യം കൂടുതൽ ഉള്ള
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് യാതൊരു പരിശോധനയും ഇല്ല, ക്വാറന്റൈനും ഇല്ല എന്നത് വിരോധാഭാസം ആണ്.
കൊറോണ ആരംഭിച്ച കാലം മുതൽ പ്രവാസികളോട് സർക്കാരുകളുടെ മനോഭാവം തികച്ചും മോശമായ രീതിയിൽ ആണ്.
മാതാപിതാക്കളുടെയോ, അടുത്ത ബന്ധുക്കളുടെയോ മരണാനന്തര ചടങ്ങുകൾക്കും, മക്കളുടെയും, മറ്റ് ബന്ധുമിത്രാദികളുടെയും വിവാഹത്തിനോ, കുട്ടികളുടെ അഡ്മിഷനോ മറ്റുമായി ഒന്നോ, രണ്ടോ ആഴ്ചത്തെ അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികളോട് സർക്കാരുകൾ കാട്ടുന്നത് ക്രൂരമായ നടപടികൾ ആണെന്നും ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ചാരിറ്റി വിഭാഗം സെക്രട്ടറിമനു മാത്യു എന്നിവർ പ്രസംഗിച്ചു.