മനാമ : ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്റൈൻ ഗവൺമെൻ്റിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നന്ദി അറിയിച്ചു. നിലവിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രക്ക് മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാർക്ക്. അതോടൊപ്പം ബഹ്റൈനിൽ എത്തിയതിനുശേഷം മൂന്ന് ടെസ്റ്റ് എടുക്കണമെന്ന നിബന്ധന ഒരു ടെസ്റ്റ് മതി എന്ന് നിശ്ചയിച്ചതിലൂടെ യാത്രക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസമാണ്. പ്രവാസി യാത്രക്കാരുടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനും സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഗവൺമെൻറ് എടുത്ത പുതിയ നടപടിയിലൂടെ കഴിയും.
കോവിഡ് കാലത്ത് ബഹ്‌റൈനിലെ സ്വദേശികൾക്ക് ബഹ്‌റൈൻ ഗവണ്മെന്റ് നൽകിയ സമാശ്വാസ പദ്ധതികളിലും സാമ്പത്തിക ഉത്തേജന പദ്ധതികളിലും വിദേശികൾക്കും നൽകിയ പരിഗണനയും കരുതലും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആദ്യ നാളുകളിൽ തന്നെ സ്വദേശി വിദേശി ഭേദമന്യേ എല്ലാവർക്കും മൂന്ന് മാസം ഇലകട്രിസിറ്റി തുക ഒഴിവാക്കി കൊണ്ടും ലോണുകൾക്ക് മൊറട്ടോറിയം പ്രഖാപിച്ചും നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുള്ളത് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.