ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് കലാ സാഹിത്യ വേദി അനുശോചിച്ചു.

മനാമ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നു പോയ ലതാ മങ്കേഷ് കറുടെ വിടവാങ്ങൽ സംഗീത ലോകത്തിനു തീരാ നഷ്ടമാണ്. ഏഴു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിൽ അവർ മലയാളം ഉൾപ്പെടെ 36 ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1974 ഇൽ പുറത്തു വന്ന നെല്ല് എന്ന സിനിമക്ക് വേണ്ടി  “കദളി, കൺകദളി … എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനമാണ് അവർ മലയാള സിനിമക്ക് വേണ്ടി പാടിയിട്ടുള്ളൂവെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട ഗായിക തന്നെയാണവർ. വയലാർ എഴുതി ഇതിഹാസ സംഗീതജ്ഞൻ സലിൽ ചൗധരി സംഗീതം നിർവഹിച്ച ആ ഗാനം ഇന്നും നമ്മുടെ മനസ്സിൽ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുന്നു.  അവരുടെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്‌ടമാണെന്നും അനുശോചനം നേരുന്നതായും അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.