മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം നാഷനൽ കമ്മിറ്റി ഫോർ ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് വെക്ടർ കൺട്രോൾ അടിയന്തര യോഗം ചേർന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രധാന ഹാളിൽ ആരോഗ്യകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹൊസാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. രോഗവാഹകരെ നേരിടാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. ചില പ്രതിനിധികൾ ഓൺലൈനിലൂടെയും യോഗത്തിൽ പങ്കെടുത്തു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തെക്കുറിച്ചും നിലവിലെ ഡെങ്കിപ്പനിയുടെ അവസ്ഥയെ കുറിച്ചും യോഗം ചർച്ച ചെയ്തു