ബഹ്‌റൈൻ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഹോപ്പ് അഥവാ പ്രതീക്ഷ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. ജൂൺ 3 ന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരത്തിലധികം പേരാണ് പങ്കാളികളായത്. ഓർഡറുകൾ നല്കിയവരുടെയും, സ്‌പോൺസർഷിപ്പ് നൽകിയവരുടെയും, കോ ഓർഡിനേറ്റ് ചെയ്തവരുടെയും, കൃത്യസമയത്ത് ഭക്ഷണം ക്രമീകരിച്ച ഹോട്ടലുകാരുടെയും അത് ലാഭേച്ഛയില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി നടത്തിയ വാളണ്ടിയേഴ്സിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ബിരിയാണി ചലഞ്ച് ഇത്ര വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്ന് പ്രോഗ്രാമിന്റെ മെയിൻ കോ ഓർഡിനേറ്റർ ഷബീർ മാഹി അഭിപ്രായപ്പെട്ടു. ഇതിൽ പങ്കാളിയായതോടെ, വെറും കൈയോടെ മടങ്ങുന്ന ഹതഭാഗ്യരായ പ്രവാസി സഹോദരങ്ങൾക്ക് നൽകിവരുന്ന ഗൾഫ് കിറ്റ്, ഭക്ഷണത്തിന് നിവർത്തിയില്ലാത്ത സഹോദരങ്ങൾക്ക് നൽകി വരുന്ന ഒരു മാസത്തേയ്ക്കാവശ്യമായ ഭക്ഷണക്കിറ്റ്, മരുന്നു വാങ്ങാൻ നിവർത്തിയില്ലാത്ത സഹോദരങ്ങൾക്ക് മരുന്ന് വാങ്ങി നൽകുക തുടങ്ങിയ ഹോപ്പിന്റെ നിരവധിയായ ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടിയാണ് പങ്കാളിയായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്നേദിവസം തന്നെ സൽമാനിയ ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ ഇരുന്നൂറിലധികം തുശ്ച വേതനക്കാർക്ക് ഭക്ഷണം നൽകാൻ ഹോപ്പിന് സാധിച്ചു. കൂടാതെ ഇതിനോടകം ഹോപ്പിന്റെ പരിഗണനയിൽ വന്ന കാൻസർ രോഗിയായ മാവേലിക്കര സ്വദേശിക്ക് ഇരുപത്തി അയ്യായിരം രൂപ നൽകാനും, സൽമാനിയ ഹോസ്പിറ്റലിൽ നിന്നും വീൽ ചെയറിന്റെ സഹായത്തോടെ നാട്ടിലേയ്‌ക്ക് പോകുന്ന ഹൃദ്രോഗിയായ ഉത്തർപ്രദേശ് സ്വദേശിക്ക് ഗൾഫ് കിറ്റും യാത്രാചിലവിനുള്ള തുകയും നൽകാനും തീരുമാനിച്ചതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു. ഷബീർ മാഹി, ഗിരീഷ് ജി പിള്ള, ജോഷി നെടുവേലിൽ, ലിജോ മാത്യു, അൻസാർ മുഹമ്മദ്, ജാക്‌സ് മാത്യു, പ്രിന്റു ഡെല്ലിസ്, സുജേഷ് ജോർജ്,തുടങ്ങിയവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്. NEC റെമിറ്റ്, അൽ ഹിലാൽ ഹോസ്പിറ്റൽ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും ബിരിയാണി ചലഞ്ചിന് പിന്തുണ നൽകി. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് സാബു ചിറമേലും, സെക്രെട്ടറി സിബിൻ സലീമും അറിയിച്ചു.