ദമാം: ലണ്ടനില്‍ വെച്ച് നടക്കുന്ന ഫുട്ബോള്‍ പരിശീലന കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ കളിക്കാരനും ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഹല്‍ ഹുസ്സൈന് ദമാമിലെ ഫുട്ബോള്‍ പ്രേമികള്‍ ആദരവ് സമ്മാനിച്ചു. അല്‍ കോബാര്‍ സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പിന്‍റെ മല്‍സര വേദിയിലാണ് സഹലിന് ആദരവ് സമ്മാനിച്ചത്. ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദുറസാക് പാലക്കാട് ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ (ഡിഫ) ആദരവ് സമ്മാനിച്ചു. സ്പോര്‍ട്ടിംഗ് ഖാലിദിയയുടെ കളിക്കാരനായ സഹല്‍ ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് വേണ്ടി നിരവധി മല്‍സരങ്ങളില്‍ ജേഴിസിയണിഞ്ഞിട്ടുണ്ട്. മലപ്പുറം വേങ്ങര കക്കാടുപ്പുറം സ്വദേശിയായ സഹല്‍ ദമാമിലെ സാമൂഹിക പ്രവര്‍ത്തകനും മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്‍റുമായ ഹുസൈന്‍ വേങ്ങരയുടേയും-സുലൈഖ ദമ്പതികളുടെ മകനാണ്. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ വിദഗ്ദരായ പരിശീലകരാണ് ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന കേമ്പിന് നേത്യത്വം നല്‍കുന്നത്. ജുണ്‍ 13 മുതലാണ് പരിശീലനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും സഹലടക്കം രണ്ട് പേരാണ് പരിശീലനത്തിന് അര്‍ഹത നേടിയത്. കടമ്പകള്‍ ഏറെ കടന്നാണ് സഹല്‍ പരിശീലനത്തിന് അര്‍ഹത നേടിയത്. സൌദിയിലെ നിന്നും ഇംഗ്ലണ്ടിലേക്കുള്ള വിസ തരപ്പെടുത്താന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. വിസക്ക് പ്രതിസന്ധിയും പരിശീലനത്തിന് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ അവസാനം ബാഗ്ലൂരിലെത്തിയാണ് വിസ തരപ്പെടുത്തേണ്ടിവന്നതെന്ന് സഹല്‍ പറഞ്ഞു. ലോക ഫുട്ബോളില്‍ തന്നെ ഏറെ ജനകീയമായ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുബോളിന്‍റെ വിവിധ ടെകിനിക് വശങ്ങള്‍ മനസ്സിലാക്കാനും ഒപ്പം പല രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കൊപ്പം ഒരുമിച്ച് പരിശീലനം നേടാനും സാധിക്കുന്നത് തന്‍റെ കരിയറിന് ഏറെ മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സഹല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി വന്നതിന് ശേഷം ഇന്ത്യയിലെ പ്രമുഖ ഫുട്ബോള്‍ അക്കാദമിയിലേക്ക് പരിശീലനത്തിന് ചേരാന്‍ ആഗ്രഹിക്കുന്നതായും സഹല്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്‍റ് കമ്മറ്റി ചെയര്‍മാന്‍ റഫീക് കൂട്ടിലങ്ങാടി, ബീരാന്‍ കുട്ടി ഹാജി കൊണ്ടോട്ടി, നജീബ് അരഞ്ഞിക്കല്‍, സനൂബ് കൊണ്ടോട്ടി, മന്സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, ലിയാക്കത്ത് കരങ്ങാടന്‍, സഹീര്‍ മജ്ദാല്‍, റിയാസ് പറളി, ജാബിര്‍ ഷൌക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.