ജിദ്ദ: ലോക കേരള സഭയിലേക്ക് ജിദ്ദ ഒ ഐ സി സി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ ടി എ മുനീറിനെ തെരഞ്ഞെടുത്തു. വിശ്വ കേരളത്തിന്റെ പൊതു ജനാധിപത്യ വേദി എന്ന നിലയ്ക്ക് രണ്ടു വര്‍ഷത്തിൽ ഒരിക്കലാണ്, നിയമ സഭ സാമാജികരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ ഉള്ള 500 പ്രതിനിധികൾ സമ്മേളിക്കുക. മുഖ്യമന്ത്രി ചെയർമാനും പ്രതിപക്ഷ നേതാവ് വൈസ് ചെയര്‍മാനുമായുള്ള മൂന്നാമത് ലോക കേരള സഭ ജൂൺ 16,17,18 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭയിളിലെ ശങ്കര നാരായണൻ ഹാളിലാണ് നടക്കുന്നത്.
മാറിയ സാഹചര്യത്തിൽ പ്രവാസികളുടെ വ്യത്യസ്തമായ വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ പ്രവാസി ക്ഷേമ കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുത്തിനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുമെന്നും മുനീർ പറഞ്ഞു.
മലയാളി കൂട്ടായ്മകളുടെ പൊതു വേദിയായ ജിദ്ദ കേരളൈറ്റ്സ് ഫോറം (JKF) ചെയർമാൻ, കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ കിഴിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന, സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രസിഡണ്ട്, പ്രവാസി പങ്കാളിത്ത്വത്തോടെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സ്കൂളിന്റെയും മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെയും ഡയറക്ടർ ആൻഡ് കോഓർഡിനേറ്റർ, മലപ്പുറം ജില്ലാ പ്രവർത്തന പരിധിയാക്കി സഹകരണ വകുപ്പിന് കിഴിലുള്ള സഹ്യ പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട്, മാനസിക വൈല്ലുവിളികൾ നേരിടുന്നവർക്കായുള്ള ആശ്രയ സ്പെഷ്യൽ സ്കൂൾ ട്രസ്റ്റ് അംഗം, ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം (IPWF) മാനേജിങ് കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
പ്രവാസികാര്യ വകുപ്പിന്റെ ഫോള്ളോഅപ്പ് കമ്മിറ്റിയിലും നോർക്ക റൂട്സിന്റെ അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുടെ കിഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഫോറം ട്രഷററായും, ജപ്പാൻ ആസ്ഥാനമായ ഓയിസ്ക (OISCA) യുടെ യൂത്ത് ഫോറം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയായും യുവജന ക്ഷേമ വകുപ്പിന്റെ ജില്ലാ യൂത്ത് അഡ്വൈസറി കമ്മിറ്റി അംഗമായും, എം ഇ എസ് യൂത്ത് വിങ് മലപ്പുറം ജില്ലാ സെക്രട്ടറിയായും സേവനമർപ്പിച്ചിരുന്നു. 1996 ൽ കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതിയ ദിവസിൽ 2010 മുതൽ തുടർച്ചയായി പങ്കെടുക്കുയും നിരവധി പ്രവാസി വിഷയങ്ങൾ അധികൃതരുടെ പരിഗണയിൽ കൊണ്ടുവന്നു പരിഹാരം കാണുവാൻ ശ്രമിച്ചു.
രണ്ടര പതിറ്റാണ്ടിലേറെ കാലമായി സൗദിയിൽ പ്രവാസം തുടരുന്നു. അയാട്ടയിൽ ഡിപ്ലോമ കരസ്ഥമാക്കിയ മുനീർ ഇപ്പോൾ അബീർ ഏവിയേഷനിൽ ജോലിചെയ്യുന്നു.എയർ ഫ്രാൻസ്, ഖത്തർ എയർവെയ്സ്, കെ എൽ എം നെതർലാൻഡ് എയർലൈൻസ് എന്നി വിമാന കമ്പനികളിലും സേവനമർപ്പിച്ച്ട്ടുണ്ട്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള വ്യത്യസ്ത സമ്മേളങ്ങളിലും നിരവധി ട്രെയിനിങ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.