ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കാൽപന്ത് പ്രേമികൾക്ക് ആവേശോജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച് കൊണ്ട് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ട്രാവൽ ടൂറിസം രംഗത്തെ പ്രഗൽഭരായ ഡ്രീം ഡസ്റ്റിനേഷൻസ് ട്രാവൽ – ഹോളിഡേയ്സുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ‘ഡിഫ സൂപ്പർ കപ്പ് – 2022 ടൂർണ്ണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച റാക്കയിലെ ക്വാർട്ട് യാർഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യ ക്വാർട്ടർ ഫൈനലിൽ ജൂബൈൽ എഫ് – സി മാഡ്രിഡ് എഫ് – സിയുമായി മാറ്റുരക്കുമ്പോൾ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഗാലോപ്പ് യുണൈറ്റഡ് എഫ്.സി യൂത്ത് ക്ലബ്ബ് അൽഖോബാറുമായി ഏറ്റ്മുട്ടും. മൂന്നാം ക്വാർട്ടർ മത്സരത്തിൽ എഫ് – സി ദമ്മാമും ഇ.എം.എഫ് റാക്കയും നേർക്ക് നേർ പൊരുതുമ്പോൾ അവസാന ക്വാർട്ടർ ഫൈനലിൽ ബദർ എഫ് – സിയും, സൽക്കാര റസ്റ്റോറൻ്റ് മലബാർ യുണൈറ്റഡ് എഫ് – സിയും തമ്മിൽ പടപൊരുതും.കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആവേശകരമായ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ യൂത്ത് ക്ലബ് – ഇംകോ അൽഖോബാറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. യൂത്ത് ക്ലബ്ബിൻ്റെ അജിത്തായിരുന്നു ഈ കളിയിലെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ദമാമിൽ കഴിഞ്ഞ കാലങ്ങളിൽ ഫുട്ബോൾ സംഘാടന രംഗത്തെ നിറസാന്നിദ്ധ്യങ്ങളായിരുന്ന അഷ്റഫ് തലപ്പുഴ, ഉമ്മർ മമ്പാട് എന്നിവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് നടന്ന
ആവേശകരമായ രണ്ടാം മത്സരത്തിൽ കരുത്തരായ ഖാലിദിയ്യ എഫ്.സി യെ അട്ടിമറിച്ചാണ് ജൂബൈൽ എഫ്.സി ക്വാർട്ടറിൽ കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്ന് പനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മത്സരത്തിൽ ഒട്ടേറെ ഗോൾ സേവുകൾ നടത്തിയ ഗോൾകീപ്പർ ഷഹബാസിൻ്റെ മിന്നും ഫോം ഷൂട്ടൗട്ടിലും ജുബൈൽ എഫ്.സിക്ക് വിജയം സമ്മാനിച്ചപ്പോൾ ഷഹബാസ് തന്നെയാണ് മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്!
വെള്ളിയാഴ്ച നടന്ന ആവേശകരമായ ആദ്യ മത്സരത്തിൽ സൽക്കാര റസ്റ്റോറൻ്റ് മലബാർ യുണൈറ്റഡ് എഫ്.സി. പൊരുതി കളിച്ച മലബാർ എഫ്.സി ജുബൈലിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. മലബാർ എഫ്.സി.യുടെ ഖാസിയായിരുന്നു മത്സരത്തിലെ മികച്ച താരം. വെള്ളിയാഴ്ച നടന്ന കോർണീഷ് സോക്കർ ക്ലബ്ബും, ഇ.എം.എഫ് – റാക്ക എഫ്സിയും തമ്മിൽ നടന്ന രണ്ടാം മത്സരം ഏറെ ആവേശകരമായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ടൈബേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചാണ് ഇ.എം.എഫ് ക്വാർട്ടറിൽ കടന്നത്. മികച്ച സേവുകൾ നടത്തിയ ഇ. എം എഫ് ഗോൾകീപ്പർ റാസി മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി. അവസാന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പോർട്ടിങ്ങ് ഖാലിദിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗാലോപ്പ് യു.എഫ് -സി ടൂർണ്ണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിലേക്കിടം നേടിയത്. മത്സരത്തിൽ മികച്ച അവസരങ്ങളൊരുക്കിയ മസൂദ് ആയിരുന്നു മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് സി.അബ്ദുൾ ഹമീദ്, താം ഹൗസ് കൺട്രി മാനേജർ യൂസുഫ് ഷെയ്ഖ്, ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൾ റസാഖ്, വേൾഡ് മലയാളി കൗൺസിൽ ഖോബാർ പ്രവിശ്യ പ്രസിഡണ്ട് നജീബ് അരഞ്ഞിക്കൽ, ഡിസ്പാക് പ്രസിഡന്റ് ഷഫീക് സി.കെ, സുനിൽ മുഹമ്മദ്, നാസർ ഖാദർ, പറമ്പാടൻ വീരാൻ കുട്ടി ഹാജി കൊണ്ടോട്ടി, സുബൈർ ഉദിനൂർ, ചന്ദ്രമോഹൻ വേങ്ങര, സി.പി ഷെരീഫ് ചോല, കെ.പി.ഹുസൈൻ, അവാദ് തെക്കേപ്പുറം, ചന്ദ്രമോഹൻ, വെൽക്കം റഫീഖ്, സമദ് സൽക്കാര എന്നിവർ വിശിഷ്ടാതിഥികളായി സ്റ്റേഡിയത്തിലെത്തിയിരുന്നു.