ദോഹ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നവംബർ 15 മുതൽ രാജ്യത്ത് നിരോധനം പ്രഖ്യാപിച്ച് പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയം. നേരത്തെ ഖത്തർ മന്ത്രിസഭ അംഗീകാരം നൽകിയ നിയമം ലോകകപ്പ് കിക്കോഫിന് മുമ്പായി രാജ്യത്ത് നിലവിൽ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇതുപ്രകാരം, ഷോപ്പിങ് സെന്ററുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇവയുടെ വിതരണം, കൈകാര്യം, പ്രദർശനം എന്നതുൾപ്പെടെ എല്ലാതരം ആവശ്യങ്ങളും നിരോധിക്കപ്പെടും. പകരം, പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാവുന്നതാണ്. മണ്ണിൽ ലയിച്ചുചേരുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ കൊണ്ട് നിർമിച്ചവ, തുണിസഞ്ചികൾ എന്നിവയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. പ്ലാസ്റ്റിക് ബാഗുകള്‍ അവയുടെ സ്വഭാവമനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാവുന്നതോ ആണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം പതിപ്പിച്ചവയായിരിക്കണംസിംഗ്ൾ യൂസ് പ്ലാസ്റ്റിക് ബാഗ്: 40 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളാണ് ഈ വിഭാഗത്തിൽപെടുന്നത്. ഒരുതവണ മാത്രം ഉപയോഗിക്കുന്ന ഈ ബാഗുകൾക്ക് നിരോധനം.
പലതവണ ഉപയോഗിക്കാവുന്നവ: 40 നും 60 നും ഇടയില്‍ മൈക്രോണ്‍ പ്ലാസ്റ്റിക് ബാഗുകള്‍, തുണികൊണ്ടുള്ള സഞ്ചികള്‍, മണ്ണില്‍ എളുപ്പം അലിഞ്ഞുചേരുന്ന ജൈവ പദാർഥങ്ങള്‍കൊണ്ട് നിര്‍മിച്ച ബാഗുകള്‍ എന്നിവക്ക് മാത്രമായിരിക്കും അനുമതി.