ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ മലയാളി എടുത്ത ടിക്കറ്റിന് 8 കോടി സമ്മാനം

ദുബായ് ∙ ഇന്നു നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ നറുക്കെടുപ്പിൽ മലയാളി ട്രക്ക് ഡ്രൈവറുടെ നേതൃത്വത്തിൽ 21 സുഹൃത്തുക്കളുടെ സംഘം എടുത്ത ടിക്കറ്റിന് 8 കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രബീഷ് രാജേന്ദ്രൻ (43) ജൂൺ 19 ന് തന്റെ സുഹൃത്തുക്കളോടൊപ്പം ഓൺലൈനിൽ വാങ്ങിയ 4369 നമ്പർ ടിക്കറ്റിനാണ് സീരീസ് 393-ൽ സമ്മാനം ലഭിച്ചത്.

രബീഷ് തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു വർഷത്തിലേറെയായി ടിക്കറ്റെടുക്കുന്നു. ഒാരോ പ്രാവശ്യവും ഒാരോ സുഹൃത്തുക്കളുടെ പേരിലാണ് ഭാഗ്യപരീക്ഷണം. 20 വർഷമായി ദുബായിൽ താമസിക്കുന്ന രബീഷ് അൽ കബീർ ട്രാൻസ്‌പോർട്ടിലാണ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഇത്രയും വലിയ സംഖ്യ നേടി എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് രബീഷ് പറഞ്ഞു.

1999-ൽ മില്ലേനിയം മില്യനർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടിയ 193-ാമത്തെ ഇന്ത്യക്കാരനാണ് രബീഷ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്. ഇന്ന് (ബുധൻ) ന‌‌ടന്ന മൂന്ന് ആഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരൻ ഹരിറാം രാമനാഥൻ, ഫിലിപ്പിനോ യുവതി റൊസാനോ റെയെസ്, ബ്രിട്ടിഷ് പൗരൻ ഇസ് ലാം ഗരീബ് എന്നിവർ വിജയിച്ചു.