ദോഹ∙ഖത്തറില്‍ കോവിഡ് പ്രതിദിന സംഖ്യ ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ മുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി. 6 വയസ്സുള്ള കുട്ടികള്‍ക്ക് മുതല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വ്യവസ്ഥ ബാധകം.അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മാസ്ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയത്. ആശുപത്രികള്‍, തൊഴിലിടങ്ങള്‍, പൊതു ഗതാഗത സൗകര്യങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, ഷോപ്പിങ് സെന്ററുകള്‍, വില്പനശാലകള്, സിനിമ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. ഇവിടങ്ങളില്‍ ഇഹ്തെറാസില്‍ ഗ്രീന്‍ ഹെല്‍ത്ത് സ്റ്റേറ്റസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ വരുന്നതിനാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും മാസ്ക് ധരിക്കലിന് പുറമെ സാമൂഹിക അകലം പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകളും ഒഴിവാക്കുകയും വേണം. ആശംസ നല്‍കുന്നതിനായി ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവയും ഒഴിവാക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.