തൊഴിലുടമയെ കൊലപ്പെടുത്തിയ ഏഷ്യൻ പൗരന് വധശിക്ഷ വിധിച്ച് അജ്മാൻ കോടതി

അജ്മാൻ ∙ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഏഷ്യൻ പൗരനെ അജ്മാൻ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.കഴുത്ത് അറുത്തും ഒട്ടേറെ തവണ കുത്തിയുമായിരുന്നു കൊല ചെയ്തത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറയിൽ ക്രൂരമായ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.അജ്മാൻ നഗരമധ്യത്തിലെ ഒരു കഫ്റ്റീരിയയ്ക്ക് സമീപമായിരുന്നു സംഭവം. ഫോൺ സന്ദേശം ലഭിച്ചതനുസരിച്ച് സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെ കണ്ടെത്തുകയായിരുന്നു. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി പിന്തുടരുകയും നിരവധി തവണ കുത്തുകയുമായിരുന്നു. തുടർന്ന് അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ അക്രമിയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ, തന്റെ തന്നെ രാജ്യക്കാരനായ കമ്പനി ഉടമയെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.

തൊഴിലാളികൾക്ക് വീസ നൽകാത്തതിൽ പക; കൊലയിൽ ഒടുക്കം

പ്രതിയെ ടൂറിസ്റ്റ് വീസയിൽ ജോലിക്കായി യുഎഇയിലേക്ക് കൊണ്ടുവന്നതായിരുന്നു. തുടർന്ന് തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ അവരുടെ രാജ്യത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ഇരുവരും തീരുമാനിച്ചു. ഒൻപത് പേർക്ക് വീസ നൽകാമെന്നായിരുന്നു ധാരണ. പിന്നീ‌‌ട് ഇവരുടെ താമസ വീസ നടപടികൾ പൂർത്തിയാക്കാൻ കമ്പനിയുടമ വിസമ്മതിച്ചെന്നും, നാല് മാസമായി അവർക്ക് ശമ്പളം നൽകിയില്ലെന്നും പ്രതി പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. നാ‌‌‌ട്ടിൽ നിന്ന് തൊഴിലാളികളുടെ ബന്ധുക്കളും മറ്റും നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ കുപിതനായ പ്രതി കമ്പനിയുടമയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.