യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡൻ

അബുദാബി/റിയാദ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡ‌ന്റെ ക്ഷണം. സൗദി സന്ദർശനത്തിലുള്ള ജോ ബൈഡൻ അറബ് ഉച്ചകോടിയ്ക്കായി എത്തിയ ഷെയ്ഖ് മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. യുക്രെയിൻ യുദ്ധവും മറ്റു പ്രശ്നങ്ങളും മൂലം കഴിഞ്ഞ കുറേ കാലമായുള്ള സമ്മർദങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.ഇന്ന് തങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നത് വളരെ പ്രാധാന്യമുള്ളതാണെന്ന് രണ്ടുപേരും മനസ്സിലാക്കുന്നുവെന്ന് ജോ ബൈഡൻ പറഞ്ഞു. താൻ ഷെയ്ഖ് മുഹമ്മദിനെ വൈറ്റ് ഹൗസിലേയ്ക്ക് (ദി ഒാവൽ) ക്ഷണിക്കുകയാണെന്ന് ബൈഡൻ വ്യക്തമാക്കി. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് സന്ദർശനം നടക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഷെയ്ഖ് മുഹമ്മദിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ആണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഇന്നലെ രാത്രി സൗദിയിൽ നടന്ന അറബ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഇരു നേതാക്കളും പരസ്പരം ഹൃദയം തുറന്നത്. ഇന്ന് (ശനി) നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കയ്ക്ക് ഗൾഫിന്റെ കാര്യത്തിലുള്ള വീക്ഷണം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.