മസ്കകറ്റ്: ഊർജ മേഖലയിൽ ഒമാനും ജർമനിയും സഹകരണ കരാർ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങൾ, സ്മാർട്ട് നെറ്റ്വർക്കുകൾ എന്നിവയുടെ കൈമാറ്റത്തിന് കരാർ വഴിവെക്കും. ഒമാൻ ഊർജ, ധാതു മന്ത്രി എൻജി. സലിം നാസർ അൽ ഔഫി, ജർമൻ ഭാഗത്തുനിന്ന് ഫെഡറൽ മിനിസ്ട്രി ഫോർ ഇക്കണോമിക് അഫയേഴ്സ് ആൻഡ് ക്ലൈമറ്റ് ആക്ഷൻ സ്റ്റേറ്റ് സെക്രട്ടറി ഡോ. പാട്രിക് ഗ്രെയ്ചെൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ജർമൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ.ഊർജമേഖലയിൽ സഹകരണം തുടർന്നും പ്രോത്സാഹിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ആഗ്രഹത്തിന്റെ ഭാഗമാണ് കരാറിലെത്തിയത്. പുനരുപയോഗ ഊർജ സാങ്കേതിക വിദ്യകൾ, അവയുടെ സംയോജിത സംവിധാനങ്ങൾ, സ്മാർട്ട് നെറ്റ്വർക്കുകൾ, ഊർജ കാര്യക്ഷമത തുടങ്ങിയ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തി. ഊർജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്ന പ്രധാന സംയുക്ത പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രിയുടെ ഓഫിസ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ഒമാനിലെ ജർമൻ അംബാസഡർ തോമസ് ഷ്നൈഡർ, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.അതേസമയം, സുൽത്താൻ ഹൈതം ബിൻ താരിക്ക് ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയറും ബെർലിനിലെ ബെല്ലീവ് പാലസിൽ ചർച്ച നടത്തി. ബെർലിനിലെ ബെല്ലിവ്യൂ കൊട്ടാരത്തിൽ സുൽത്താനെ ഔദ്യോഗിക സ്വീകരണത്തോടെയായിരുന്നു വരവേറ്റത്.വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളും അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സുൽത്താൻ നന്ദി അറിയിച്ചു.ജർമൻ ചാൻസലർ ഒരുക്കിയ ഉച്ചയൂണിലും സുൽത്താൻ പങ്കെടുത്തു. റോയൽ ഓഫിസ് മന്ത്രി ജന. സുൽത്താൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവൻ ഡോ. ഹമദ് സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു മന്ത്രി എൻജി. സലിം നാസർ അൽ ഔഫി, പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് സയ്യിദ് ഡോ. സുൽത്താൻ യാറൂബ് അൽ ബുസൈദി തുടങ്ങിയവരും സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്ആണ് സുൽത്താൻ ഹൈതം ബിൻ താരിക് ജർമ്മനിയിലെത്തിയത്.