കൊല്ലം പ്രവാസി അസോസിയേഷൻ – 2022-24 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ബഹ്‌റൈൻ:  കൊല്ലം പ്രവാസി അസ്സോസിയേഷന്റെ പുതിയ ഭരണസമിതിയെ രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ചേർന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 34 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ച ഭരണഘടനാ ഭേദഗതികയോടെ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളിൽ നിന്നും ഏഴായി അംഗങ്ങളുടെ എണ്ണം ഉയർത്തി. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുത്തു. കൂടാതെ രാജ് കൃഷ്ണൻ (ട്രഷറർ) കിഷോർ കുമാർ (വൈ.പ്രസിഡന്റ്) സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ (സെക്രട്ടറിമാർ) ബിനു കുണ്ടറ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ജിസിസി തലത്തിൽ കൊല്ലം അസോസിയേഷൻ  രൂപീകരിക്കാനും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചു ഇപ്പോൾ തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയ രൂപ രേഖ തയ്യാറാക്കി പ്രവാസി പുനരധിവാസ പദ്ധതികൾക്ക് രൂപം നൽകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്‌റൈനിലെ കൊല്ലം പ്രവാസികൾ കെപിഎ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ പൊതു സമൂഹം നൽകിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.