ദുബൈ: മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന് വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. ഇവയുടെ വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.പാചക എണ്ണ, മുട്ട, ഫ്രഷ് പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി, ബ്രഡ്, ധാന്യപ്പൊടികൾ, ക്ലീനിങ് ഡിറ്റർജന്‍റ്, പയർവർഗങ്ങൾ എന്നിവയുടെ വില അനുമതിയില്ലാതെ വർധിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്ന പരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ നിലവിലെ വിലയും കഴിഞ്ഞ മൂന്ന് വർഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഉൽപാദന ചെലവ്, കമ്പനിയുടെ ബജറ്റ്, അയൽ രാജ്യങ്ങളിൽ ഇതേ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന വിലയുമായുള്ള താരതമ്യം, എത്ര ശതമാനം വർധനയാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങളും സമർപ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ് വില വർധന സംബന്ധിച്ച തീരുമാനമെടുക്കുക.അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനാണ് സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്, ധാന്യപ്പൊടികൾ, ഉപ്പ് തുടങ്ങിയവയുടെ വില വർധന പരിശോധിക്കാൻ ഏപ്രിലിൽ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന് രൂപം നൽകിയിരുന്നു. ആളുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
കടൽ വിഭവങ്ങൾ, ഇറച്ചി, കോഴിയിറച്ചി, ബ്രഡ്, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണ, പച്ചക്കറികൾ, പഴങ്ങൾ, വെള്ളം, ജ്യൂസ്, ക്ലീനിങ് സാമഗ്രികൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. അതേസമയം, ഒരേ ഉൽപന്നത്തിന് പല വിലകൾ ഈടാക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കോഴിയിറച്ചിക്ക് ഒരു കടയിൽ കിലോക്ക് 15 ദിർഹമാണെങ്കിൽ മറ്റൊരിടത്ത് 22 ദിർഹം ഈടാക്കുന്നുണ്ട്. 30 മുട്ടകളുള്ള ഒരു ട്രേക്ക് 10 മുതൽ 18 ദിർഹം വരെ ഈടാക്കുന്നുണ്ട്.