ദുബായ്∙ ഇന്നുച്ചയോടെ ദുബായുടെ വിവിധ ഭാഗങ്ങളിലും ഷാർജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്തതായി നാഷനൽ സെന്റർ ഓഫ് മീറ്ററോളജി വകുപ്പ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുന്നതിനാൽ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. കൂടുതൽ മഴ ലഭിക്കുന്നതിനായി വിമാനങ്ങൾ ഉപയോഗിച്ചു ക്ലൗഡ് സീഡ് വഴി കൃത്രിമമഴ പെയ്യിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.വ്യാഴാഴ്ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കും. പല അളവുകളിൽ മഴപെയ്യും. എന്നാൽ വ്യാഴാഴ്ച വൈകിട്ടോടെ മേഘത്തിന്റെ അളവ് കുറഞ്ഞു തുടങ്ങും. മിതമായ കാറ്റിനു പുറമെ ശക്തമായ കാറ്റ് വീശിയേക്കും. പൊടിക്കാറ്റു മൂലം കാഴ്ചപരിധി കുറയാൻ ഇടയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.