അബൂദബി: നിർമാണകേന്ദ്രത്തിലുണ്ടായ വീഴ്ചയിൽ സന്താനോൽപാദനശേഷി നഷ്ടമായ എൻജിനീയർക്ക് 1,40,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റിവ് കോടതി വിധി. അറബ് പൗരനാണ് തൊഴിൽസ്ഥാപനത്തിൽനിന്ന് 20 ലക്ഷം ദിർഹം നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. അപകടം നടക്കുമ്പോൾ സൈറ്റ് എൻജിനീയറായ പരാതിക്കാരന് 32 വയസ്സായിരുന്നു. നിർമാണകേന്ദ്രത്തിൽ ഭിത്തികളെ ബന്ധിപ്പിച്ച് സ്ഥാപിച്ചിരുന്ന തടിപ്പാലം ശരിയായി ഉറപ്പിക്കാത്തതിനെ തുടർന്ന് മൂന്നു മീറ്റർ ഉയരത്തിൽനിന്ന് വീണ യുവാവിന്റെ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നട്ടെല്ലിന്റെ ക്ഷതം പൂർണമായി ഭേദപ്പെടുത്താനായില്ല. പുറമേയുള്ള പരിക്കിനു പുറമേ നട്ടെല്ലിന് 30 ശതമാനം സ്ഥിരം വൈകല്യവും സംഭവിച്ചു. ഇതുമൂലം വിവാഹം കഴിക്കാനോ കുട്ടികളെ ഉൽപാദിപ്പിക്കാനോ തനിക്കു കഴിയുകയില്ലെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഇതിനു പുറമേ ദീർഘനേരം ഇരിക്കാനോ ദീർഘദൂരം നടക്കാനോ ജോലിചെയ്യാനോ തനിക്കു കഴിയുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. വാദംകേട്ട കോടതി ആദ്യം 60,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്. എന്നാൽ, അപകടം മൂലം യുവാവിനുണ്ടായ മറ്റു നഷ്ടങ്ങൾകൂടി പരിഗണിച്ച് 80,000 ദിർഹംകൂടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഇതിനുപുറമേ യുവാവിന്റെ കോടതിച്ചെലവും തൊഴിൽസ്ഥാപനം നൽകണം.