ഒമാൻ : ഈ വർഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച് അറബ് ടൂറിസം മീഡിയ സെന്റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് പ്രഖ്യാപനം നടത്തിയത്.
ഫോറത്തിൽ പങ്കെടുക്കുന്ന ടൂറിസം മേഖലയിലെ വിദഗ്ധരും മറ്റുമാണ് 2022ലെ അറബ് ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി സലാലയെ തെരരഞ്ഞെടുത്തതെന്ന് അറബ് സെന്റർ ഫോർ ടൂറിസം മീഡിയ മേധാവിയും ഫോറം മേധാവിയുമായ ഡോ. സുൽത്താൻ അൽ യഹ്യായ് പറഞ്ഞു.ഖരീഫിന്റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഈ വർഷം മുഴുവനും ടൂറിസമായി നിലനിർത്തി കൊണ്ടുപോകാനാണ് ഉദ്ദേശമെന്ന് അൽ യഹ്യായ് പറഞ്ഞു.അതേസമയം, ഖരീഫ് സീസൺ തുടങ്ങിയതോടെ ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി സഞ്ചാരികളാണ് ദോഫാറിലേക്ക് എത്തികൊണ്ടിരിക്കുന്നത്.വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാന സർവിസും നടത്തുന്നുണ്ട്. പെരുന്നാൾ അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് സലാലയിലും മറ്റും എത്തിയത്. ദോഫാറിലെ വിവിധ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ ലഭിച്ചതോടെ അരുവികൾ രൂപപ്പെടുകയും പ്രകൃതി പച്ചപ്പണിയുകയും ചെയ്തിട്ടുണ്ട്.