മനാമ : കടുത്ത വേനല്‍ ചൂടിൽ പക്ഷികളും മൃഗങ്ങളും ദാഹജലത്തിനായി നെട്ടോട്ടമൊടുമ്പോൾ , കുട്ടികളുടെ കൂട്ടായ്മയായ മലർവാടി ബഹ്റൈൻ അവക്ക് വെള്ളം നൽകി മാതൃകയാവുന്നു. “ഒരിത്തിരി ദാഹജലം ഞങ്ങൾക്കും കൂടെ” എന്ന തലക്കെട്ടിൽ പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം കൊടുക്കുവാൻ പ്രോത്സാഹനം നൽകി കൊണ്ടുള്ള പരിപാടിക്ക് മലർവാടി ബഹ്‌റൈൻ തുടക്കം കുറിച്ചു. പാതയോരങ്ങൾ, ഫ്ലാറ്റിന്റെ ബാൽക്കണികൾ, വീടിന്റയും ഷോപ്പിന്റെയും ജനലുകൾ, മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പാത്രങ്ങളിൽ വെള്ളം വെച്ച് കൊടുത്ത് സഹജീവികളെ ചേർത്ത് പിടിക്കാനുള്ള പ്രോത്സാഹനം നൽകുക എന്നതാണ് ഈ കേമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. കേമ്പയിനിന്റെ ഭാഗമായി ഫോട്ടോകളും വീഡിയോ കളും കുട്ടികൾ മലർവാടി ഗ്രൂപ്പുകളിൽ വലിയ ആവേശത്തോടെയാണ് ഷെയർ ചെയ്തത്. പ്രകൃതിയെയും അവയിലെ ജീവജാലങ്ങളെയും ചേർത്ത് പിടിക്കാനുള്ള ബോധം ഉണ്ടാക്കിയെടുക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു എന്ന് ഭാരവാഹികൾ പറഞ്ഞു. കേമ്പയിനിനു മലർവാടി ഭാരവാഹികളായ സാജിദ സലീം, റഷീദ സുബൈർ എന്നിവർ നേതൃത്വം നൽകി.