മസ്കത്ത് : കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസ്സി അധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കാനും വേണ്ടി ആയിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൊല്ലം പ്രവാസി അസോസിയേഷൻ-ഒമാൻ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ എംബസ്സി പ്രശംസിച്ചു. പ്രവാസികള്‍ നേരിടുന്ന തൊഴിൽ പ്രശ്നങ്ങള്‍, ആശുപത്രി സംബന്ധ പ്രശ്നങ്ങൾ, മരണം എന്നിവ ചർച്ചയുടെ ഭാഗമായി. കൊല്ലം സ്വദേശികളായ നിലവില്‍ ഇരുനൂറോളം പ്രവാസികളുള്ള ഈ കൂട്ടായ്മയിലേക്ക് കൂടുതൽ പ്രവാസികളെ ഭാഗമാക്കി സംഘടന അവർക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുമെന്ന് കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കൃഷ്ണേന്ദു പറഞ്ഞു. എംബസ്സി അധികാരികളായ ശ്രീ. ജയപാല്‍ ദത്ത (സെക്കന്റ് സെക്രട്ടറി – പോളിറ്റിക്കൽ, എഡ്യുക്കേഷന്‍) ശ്രീ. അനൂപ് ബിജിലി (തേർഡ് സെക്രട്ടറി – പോളിറ്റിക്കൽ, ഇന്‍ഫോര്‍മേഷന്‍ ) എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും സംഘടനക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു. കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കുന്ന PBBY, NORKAയുടെ വിവിധ പദ്ധതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കും എന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ശ്രീ. ഷഹീർ അഞ്ചൽ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തും എന്ന് ട്രഷറർ ജാസ്മിൻ യൂസുഫ് അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പത്മചന്ദ്ര പ്രകാശ്, ശ്രീ. കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.
അസോസിയേഷനുമായി ബന്ധപ്പെടാന്‍ – 97882245, 95428146,90558985