മലപ്പുറം താലൂക്ക് ആശുപത്രിക്ക് വേണ്ടി ഐ സി എഫ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും

മസ്കറ്റ്. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.മലപ്പുറം ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സമർപ്പണം ആഗസ്ത് 13 ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിർദ്ദേശങ്ങളിൽ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാൻ ഐ സി എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയായിവരുന്ന രണ്ടാമത്തെ പ്ലാന്റ് വൈകാതെ സമർപ്പിക്കാനാകും. ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെയും (കെ എം എസ് സി എൽ) അനുമതിയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതികൾ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകൾക്കുമായി ഇതിനികം ചെലവായത്. 200 എൽ പി എം ഉത്പ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത് (ചെലവ് 45,97,554 രൂപ). സോഷ്യൽ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികൾക്കിടയിൽ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകൾക്കുള്ള തുക കണ്ടെത്തിയത്. പ്രാണവായുവിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ജനങ്ങളുടെ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഐ സി എഫ് ഒമാൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ്, സാന്ത്വനം സെക്രട്ടറി റഫീഖ് ധർമടം, അഡ്മിൻ, പി ആർ ആന്റ് മീഡിയ പ്രസിഡന്റ് ഡോ. സാഹിർ കുഞ്ഞമ്മദ്, അഡ്മിൻ, പി ആർ ആന്റ് മീഡിയ സെക്രട്ടറി ജാഫർ ഒടത്തോട്,എജുക്കേഷൻ സെക്രട്ടറി അഹ്മദ് സഗീർ, ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.