കമന്റുമായി ഷെയ്ഖ് ഹംദാൻ, ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്∙ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈക്കടിച്ച് കമന്റ് പോസ്റ്റ് ചെയ്തതോടെ ശ്രദ്ധേയനായത്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ സജീവമായ അദ്ദേഹം നിസ്ഹാസിന്റെ പടത്തിന് രണ്ടു തംപ്സ് അപ് ഇമോജി നൽകിയാണ് അഭിനന്ദിച്ചത്.കഴിഞ്ഞദിവസമാണു സംഭവം. അമേരിക്കയിൽ നിന്നു വന്ന തന്റെ സുഹൃത്തുക്കളിലൊരാൾ ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്നതാണു പടത്തിലുള്ളത്. ദുബായുടെ ലോകപ്രശസ്ത മുദ്രകളായ ബുർജ് ഖലീഫയും മറ്റു കെട്ടിടങ്ങളും ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള ദൃശ്യത്തിന്റെ പശ്ചാത്തലത്തിനു ചാരുത പകരുന്നു.ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിച്ചു. എന്നാൽ, ഷെയ്ഖ് ഹംദാന്റെ ലൈക്കും കമന്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴുമതു വിശ്വസിക്കാനാകുന്നില്ലെന്നും നിസ്ഹാസ് പറയുന്നു. ഇതിന് ശേഷം സഹമുറിയന്മാരോടു പോലും സംസാരിക്കാനാത്ത വിധം ഞെട്ടലിലായിരുന്നു. ഞാൻ അരമണിക്കൂറോളം പുറത്തിറങ്ങി നടന്നതിനു ശേഷമാണു വിശേഷം എല്ലാവരോടും പങ്കുവച്ചത്. എന്നെങ്കിലും ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണണമെന്നാണ് ആഗ്രഹം.ഇതാദ്യമായല്ല ഷെയ്ഖ് ഹംദാൻ നിസ്ഹാസിന്റെ ചിത്രത്തെ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷം ദുബായ് മാൾ ഫൗണ്ടനു മുന്നിൽ ഒരു ബോട്ട് കുറുകെ കടക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്ന് ദുബായിലെ ഒരു ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന 28കാരൻ പറഞ്ഞു.2019ലാണ് നിസ്ഹാസ് ജോലി തേടി യുഎഇയിലെത്തിയത്. കോളജ് പഠനകാലത്തേ ഫൊട്ടോഗ്രഫിയിൽ തൽപരനായിരുന്ന ഇൗ യുവാവ് മൊബൈൽ ഫോണിലാണു ചിത്രമെടുത്തു പരിശീലിച്ചത്. അഞ്ചു വർഷം മുൻപു സുഹൃത്തുക്കൾ ഒരു ക്യാമറ സമ്മാനിച്ചു. ഇപ്പോൾ ഒഴിവു സമയങ്ങളിലൊക്കെ പടമെടുപ്പാണു പ്രധാന വിനോദം.