ദമ്മാം : വിദേശങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയ ഹജ് തീർഥാടകരുടെ മടക്ക യാത്രാ സർവീസുകൾ പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ അറിയിച്ചു. ഹജ് മടക്ക സർവീസുകൾ പൂർത്തിയായതായി ദേശീയ വിമാന കമ്പനിയായ സൗദിയയും അറിയിച്ചു. അവസാന ഹജ് മടക്ക സർവീസ് മദീന വിമാനത്താവളത്തിൽ നിന്നാണ് സൗദിയ നടത്തിയത്.
സൗദിയ സി.ഇ.ഒ ആമിർ ആലുഖശൈലിന്റെ സാന്നിധ്യത്തിലാണ് അവസാന സർവീസിലെ ഹാജിമാരെ യാത്രയാക്കിയത്. മദീന വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ അഹമ്മദാബാദിലേക്കുള്ള എസ്.വി 5712-ാം നമ്പർ ഫ്‌ളൈറ്റിൽ 347 ഹാജിമാരാണുണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈയിൽ ആണ് സൗദിയ ഹജ് സർവീസുകൾക്ക് തുടക്കം കുറിച്ചത്. മൂന്നര ലക്ഷത്തിലേറെ ഹാജിമാർക്ക് സൗദിയ യാത്രാ സൗകര്യം നൽകി. ഇതിൽ 1,20,000 പേർ 300 ഹജ് സർവീസുകളിൽ ആയാണ് പുണ്യഭൂമികളിലെത്തിയത്. 2,30,000 ലേറെ ഹാജിമാർക്ക് സൗദിയയുടെ അന്താരാഷ്ട്ര സർവീസുകളിലും അഡീഷനൽ സർവീസുകളിലുമാണ് യാത്രാ സൗകര്യം നൽകിയത്. ഹജ് തീർഥാടകരുടെ ലഗേജുകൾ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നിന്ന് സ്വീകരിച്ച് ബോർഡിംഗ് പാസ് ഇഷ്യു ചെയ്യുന്ന സേവനത്തിലൂടെ ഈ വർഷം 2,80,000 ബാഗേജുകൾ സൗദിയ സ്വീകരിച്ചു.