മസ്കറ്റ്. ഒമാനിൽ പലയിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയിൽ അഞ്ചുപേർ പിടിയിലായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരിൽ മൂന്നുപേർ ഏഷ്യൻ വംശജരും രണ്ടുപേർ അറബ് വംശജരുമാണ്. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡും സലാല പൊലീസ് യൂനിറ്റിലെ സ്പെഷൽ ടാസ്ക് ഫോഴ്സും സംയുക്തമായി രണ്ടിടത്ത് നടത്തിയ പരിശോധനയിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലു നുഴഞ്ഞുകയറ്റക്കാർ പിടിയിലായി.അറബ്, ഏഷ്യൻ വംശജരാണ് പിടിയിലായത്. ഇവരിൽ നിന്ന് ക്രിസ്റ്റൽ ഡ്രഗ്, ഹഷീഷ്, സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ പിടിയിലായി.