ഒമാനിലെ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിന് തുടക്കം

മസ്കറ്റ്. ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി. അൽ ദാഖിലിയ ഗവർണറുടെ ഓഫിസ്, വാലി ഓഫ് ജബൽ അൽ അഖ്ദർ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയിലൂടെയുള്ള കുതിര സവാരിയാണ് ടൂറിസം ഫെസ്റ്റിന്‍റെ പ്രധാന ആകർഷണം. ഒമാൻ ടീം ഓഫ് ഹോഴ്സ്ബാക്കിന്‍റെ സഹകരണത്തോടെ നടത്തുന്ന കുതിര സവാരിയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചതും.

സുൽത്താനേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അതിന്‍റെ ഭാഗമാണ് ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലെന്നും മന്ത്രാലയത്തിന് കീഴിലെ ടൂറിസം പ്രമോഷൻ ജനറൽ ഡയറക്ടറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് പ്രമോഷൻ ഹൈതം ബിൻ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു. ഒമാൻ 2040 വിഷന്‍റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പൈതൃകം, പ്രകൃതി, സാഹസികത, കായികം, ജീവിതശൈലി തുടങ്ങി വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം ഫെസ്റ്റിവലുകളാണ് നടത്തുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടുദിവസംകൊണ്ട് ജബൽ അഖ്ദറിലെ 50 കി.മീ. സഞ്ചരിക്കുംവിധമാണ് കുതിരസവാരി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനുപുറമേ മാതളനാരങ്ങയുടെ വിളവെടുപ്പ്, വിൽപന സ്റ്റാളുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയാണ് പരിപാടികൾ. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരെയും ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭകരെയും കർഷകരെയും പ്രോത്സാഹിപ്പിക്കലും ലക്ഷ്യമാണ്. എണ്ണ, സുഗന്ധവസ്തുക്കൾ തുടങ്ങിയവക്ക് പുറമെ കർഷകർ തങ്ങളുടെ വിളകളും പ്രദർശനത്തിനെത്തിക്കും. സന്ദർശകർക്ക് ഉൽപന്നങ്ങളും പഴങ്ങളും അടക്കം നേരിട്ട് ഉൽപാദകരിൽനിന്നും കർഷകരിൽനിന്നും വാങ്ങാൻ സൗകര്യമുണ്ട്. ഈ മാസം 27ന് സമാപിക്കും.