ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

മസ്‍കറ്റ്. ഒമാനിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.”മത്ര വിലായത്തിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിക്ക് കീഴിലുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി” ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും” ഔദ്യോഗിക പ്രസ്‍താവന പറയുന്നു.