നിയമം ലംഘിക്കുന്ന പൊതുഗതാഗത ബസ് ഡ്രൈവർമാരെ കുവൈറ്റ് നാടുകടത്തും

കുവൈറ്റ്. പൊതുഗതാഗത ബസുകളുടെ ഡ്രൈവർമാർ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളും, ബസ് സ്റ്റോപ്പുകളും ഉപയോഗിക്കണമെന്നും, നിർദ്ദേശങ്ങൾ പാലിക്കാത്ത ഏതൊരു ഡ്രൈവറെയും നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ ജനറൽ ജമാൽ അൽ സയേഗ് പറഞ്ഞു. കുവൈറ്റിലെ പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.

നിയമലംഘന വകുപ്പിന്റെ ആക്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ മജീദ് അൽ സഹ്ലിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ക്യാപിറ്റൽ ഗവർണറേറ്റിലെ പൊതുനിരത്തുകളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പാർക്കിംഗ് സ്ഥലം ഒരുക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും പൊതുഗതാഗത കമ്പനികളും തമ്മിൽ ഏകോപിപ്പിക്കാൻ യോഗം സമ്മതിച്ചു.

ആഗസ്ത് 26 മുതൽ കർശനമായ പരിശോധന നടത്തുകയും നിയമലംഘനം നടത്തുന്ന ഡ്രൈവർമാരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.പൊതുഗതാഗത സേവനത്തെ സുഗമമാക്കുന്നതിന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് മേഖലയുടെ പിന്തുണയ്ക്കും, സഹകരണത്തിനും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികൾ നന്ദിയും അഭിനന്ദനവും അറിയിച്ചു