ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. കോവിഡിനെതുടര്‍ന്ന് ഖത്തറില്‍ ക്വാറന്റീനിലായതിനാല്‍ ബേസിലിന് അന്ന് യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ഷാര്‍ജയില്‍ വഴി ബുധനാഴ്ചയാണ് ബേസില്‍ ബെംഗളൂരുവില്‍ എത്തിയത്. ബെംഗളൂരുവിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ റീസ രജ്ജിത്തിന്റെ നേതൃത്വത്തില്‍ ബേസിലിനെ സ്വീകരിച്ച് കെ.എസ്.ആര്‍.ടി. സി യിലാണ് നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹത്തെ നോര്‍ക്ക പ്രതിനിധി എം. ജയകുമാര്‍ സ്വീകരിച്ചു വീട്ടിലേയ്ക്ക് യാത്രയാക്കി.
ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളാണ് ശക്തമായ കാറ്റില്‍പെട്ട് ഖത്തര്‍ സമുദ്രാര്‍ത്തി കടന്നത്.

തുടര്‍ന്ന് ഖത്തര്‍ പോലീസിന്റെ പിടിയിലാവുകയും, സഫര്‍ ജയിലിലാവുകയും ചെയ്തു. കഴിഞ്ഞമാസം നോര്‍ക്ക ഇടപെട്ടാണ് ജയില്‍മോചനം സാധ്യമായത്. മോചനത്തിന് നോര്‍ക്ക, കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഇറാനിലെയും ഖത്തറിലേയും ഇന്ത്യന്‍ എംബസികള്‍ നേതൃത്വം നല്‍കി. ഇവരുടെ മോചനത്തിന് അടിയന്തിരമായി നടപടി എടുക്കണെമെന്നാവശ്യപ്പെട്ട് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇറാനിലേയും ഖത്തറിലേയും ഇന്ത്യന്‍ എംബസികളുമായും ബന്ധപ്പെട്ടിരുന്നു.