ദുബായ്. ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്നബിലിറ്റി(ടെറ) പവലിയനുകളിലേക്കും ‘ഗാർഡൻ ഇൻ ദ സ്കൈ’ ഭാഗത്തേക്കുമാണ് സെപ്റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ട ആറുമാസത്തെ എക്സ്പോ അനുഭവങ്ങൾ ഒരിക്കൽ കൂടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. എക്സ്പോ സിറ്റി ദുബൈയുടെ പൂർണമായ പ്രവർത്തനം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാൾക്ക് 50ദിർഹമാണ് നിരക്ക്. വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്കൈ’ പ്രവേശനത്തിന് 30ദിർഹമാണ് നിരക്ക്. 12ൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിലെല്ലാം സൗജന്യമാണ്.
പവലിയനുകൾ രാവിലെ 10മുതൽ 6വരെയും നിരീക്ഷണ ഗോപുരം വൈകുന്നേരം 3മുതൽ ആറു വരെയുമാണ് പ്രവർത്തിക്കുക. ചരിത്രത്തിലുടനീളം മനുഷ്യ പുരോഗതി കടന്നുവന്ന വഴികളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് മൊബിലിറ്റി പവലിയൻ ഒരുക്കിയിട്ടുള്ളത്. എക്സ്പോ 2020 ദുബൈയുടെ സമയത്ത് ഏറെ ആകർഷിക്കപ്പെട്ടതാണിത്. സമുദ്രത്തിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന സസ്റ്റയ്നബിലിറ്റി പവലിയൻ പരിസ്ഥിതിയുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.