ഒമാനിൽ പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്.റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉപയോഗത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ ലംഘിച്ച് പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചതിനാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും താമസസ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും കെട്ടിട ഉടമയ്‌ക്കെതിരെ നടപടിയെടുത്തു.

റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം, മുറികള്‍ വൃത്തിയായി സൂക്ഷിക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.