മനാമ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിന് 25 ദീനാറിന്റെ കൂപ്പൺ നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. പുതിയ അധ്യയന വർഷത്തെക്കുറിച്ച് വിശദീകരിക്കാൻ രക്ഷിതാക്കൾക്ക് ആദ്യ അധ്യയന ദിനം പരിചയപ്പെടൽ ദിനമാക്കാനും നിർദേശമുണ്ട്. സ്കൂളുകളിലെ അധ്യയനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് ശരിയായ അറിവ് ലഭ്യമാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്.
കോവിഡിനുശേഷം സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ പഠനച്ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നിന്നും നൽകുന്ന ഫയലിന്റെ കൂടെ 25 ദീനാറിന്റെ കൂപ്പൺ നൽകാനാണ് തീരുമാനം. ഹമദ് രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനും മന്ത്രിസഭ ആശംസകൾ നേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഈജിപ്ത് സന്ദർശനവും പഞ്ചരാഷ്ട്ര ഉച്ചകോടിയിലെ പങ്കാളിത്തവും മേഖലയിൽ സമാധാനവും വളർച്ചയും ഉറപ്പാക്കാൻ സഹായിച്ചതായി മന്ത്രിസഭ വിലയിരുത്തി.
ബിരുദധാരികളുടെ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ യോഗ്യതകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്ന പ്രവർത്തനം നവീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തൊഴിലന്വേഷകർക്ക് വേഗത്തിൽ തൊഴിൽ ലഭിക്കുന്നതിന് നിർദേശം സഹായകമാവും. മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ മേഖലകളിൽ നേരേത്തയുള്ള രീതികൾ തുടരുന്നതിനും തീരുമാനമുണ്ട്.